കനത്ത മഴ; കോട്ടമലയിലും കുണ്ടുപള്ളി എസ്റ്റേറ്റിനുള്ളിലും ഉരുൾപൊട്ടൽ

വെള്ളരിക്കുണ്ട് ∙ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ വെസ്റ്റ് എളേരി പഞ്ചായത്തിലെ കോട്ടമലയിലും ബളാൽ പഞ്ചായത്തിലെ പടയംകല്ല് കുണ്ടുപള്ളി എസ്റ്റേറ്റിനുള്ളിലും ഉരുൾപൊട്ടി. കല്ലും മണ്ണും ഒലിച്ചിറങ്ങി കൃഷിയിടം മണ്ണിനടിയിലായി. ദർഖാസ് പുഞ്ച റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗത തടസ്സം നേരിട്ടു. ഞാണിക്കടവ് പുഴ കരകവിഞ്ഞൊഴുകി കൃഷിയിടങ്ങൾ നശിച്ചു.
ഞാണിക്കടവ് പാലത്തിനും കേടുപാടുകൾ സംഭവിച്ചു. ചൈത്രവാഹിനി പുഴയും കരകവിഞ്ഞൊഴുകി. വെസ്റ്റ് എളേരി കോട്ടമല കോളനിയിലെ കരവത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപത്തുണ്ടായ ഉരുൾ പൊട്ടലിൽ ഇളയിടത്ത് കുഞ്ഞമ്പുവിന്റെ 25 കവുങ്ങും നിരവധി വാഴകളും നശിച്ചു. ഇളയിടത്ത് രമണിയുടെ പറമ്പിലെ കയ്യാല പൂർണമായും തകർന്നു. വെള്ളം കുത്തിയോലിച്ച് കോളനിയിലേക്കുള്ള റോഡിലൂടെ കാൽനടയാത്രപോലും പറ്റാത്ത സ്ഥിതിയാണ്.
സംസ്ഥാനത്ത് ശനിയാഴ്ച കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങളിൽ രണ്ടാമതാണ് വെള്ളരിക്കുണ്ട്. ഉരുൾ പൊട്ടിയ പ്രദേശത്ത് തഹസിൽദാർ പി.വി.മുരളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.ഇസ്മായിൽ, പഞ്ചായത്ത് അംഗങ്ങളായ ജയിംസ് തുരുത്തിപള്ളി, സി.പി.സുരേശൻ, ഷെരീഫ് വാഴപ്പള്ളി, വില്ലേജ് ഓഫിസർ അനിൽ ചാണപ്പാറ എന്നിവർ സന്ദർശിച്ചു.

