കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ശരിവച്ച് ഹൈക്കോടതി

കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സംവരണ തത്വങ്ങള്‍ പാലിച്ചില്ല എന്ന് കാണിച്ച് നിയമനങ്ങള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരും സര്‍വകലാശാലയും നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഡിവിഷന്‍ ബഞ്ചിന്‍റെ നടപടി. അധ്യാപക നിയമനങ്ങളില്‍ സംവരണം നിശ്ചയിച്ച രീതിയില്‍ തെറ്റില്ലെന്ന് കോടതി ചൂണ്ടികാട്ടി.
വിവിധ വകുപ്പുകളിലെ എല്ലാ അധ്യാപക ഒഴിവുകളും ഒറ്റ യൂനിറ്റായി കണക്കാക്കി സംവരണം നിര്‍ണയിക്കാനുള്ള കേരള സര്‍വകലാശാല ആക്‌ട് ഭേദഗതി സിംഗിള്‍ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ഡിവിഷന്‍ബെഞ്ചില്‍ സര്‍ക്കാരും സര്‍വകലാശാലയും അപ്പീല്‍ നല്‍കിയത്. സംവരണ തസ്തിക നിശ്ചയിച്ച രീതിയില്‍ തെറ്റില്ലന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബഞ്ച് നിയമനങ്ങള്‍ റദ്ദാക്കിയത്. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സിംഗിള്‍ ബഞ്ച് നിരീക്ഷണം. വിവിധ വകുപ്പുകളിലെ ഒറ്റ തസ്തികയായ പ്രഫസര്‍മാരുടെ നിയമനത്തില്‍ സംവരണം പാലിക്കാനായിരുന്നു 2014ല്‍ നിയമഭേദഗതി നടപ്പിലാക്കിയത്.
നിയമ ഭേദഗതിയിലൂടെ എല്ലാ വകുപ്പുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയപ്പോള്‍ ചില വകുപ്പുകളില്‍ സംവരണ വിഭാഗക്കാരും ചില വകുപ്പുകളില്‍ സംവരണമില്ലാത്ത വിഭാഗക്കാര്‍ മാത്രമായും നിയമിക്കപ്പെടുന്ന അവസ്ഥ ചൂണ്ടിക്കാട്ടി കാലിക്കറ്റ് സര്‍വകലാശാല ലൈഫ് സയന്‍സ് വിഭാഗം അധ്യാപകന്‍ ഡോ. ജി. രാധാകൃഷ്ണപിള്ള, കേരള സര്‍വകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ. ടി. വിജയലക്ഷ്മി, സൊെസെറ്റി ഫോര്‍ സോഷ്യല്‍ സര്‍വയലന്‍സ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ച് ഉത്തരവുണ്ടായത്.
എന്നാല്‍ വിവിധ വകുപ്പുകളിലെ പ്രഫസര്‍മാര്‍, അസോ. പ്രഫസര്‍മാര്‍, അസി. പ്രഫസര്‍മാര്‍ എന്നിവരെ പ്രത്യേകം കാറ്റഗറിയായിട്ടാണ് പരിഗണിക്കുന്നതെന്നും ഒരേ കാറ്റഗറിയിലുള്ളവരുടെ യോഗ്യതയും, ജോലിയും ശമ്ബളവുമെല്ലാം സമാനമായതിനാല്‍ ഇത്തരത്തില്‍ കണക്കാക്കുന്നതില്‍ തെറ്റില്ലെന്നുമാണ് സര്‍ക്കാര്‍ അപ്പീലിലൂടെ കോടതിയെ അറിയിച്ചത്. സംവരണത്തെ കുറിച്ചുള്ള സിംഗിള്‍ബെഞ്ച് വിലയിരുത്തല്‍ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും സര്‍ക്കാരും സര്‍വകലാശാലയും അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഡിവിഷന്‍ ബഞ്ച് നിയമനം ശരിവച്ചത്.

