അർബുദം ബാധിച്ച യുവതിക്ക് 13 മണിക്കൂർ ശസ്ത്രക്രിയ; ഹൃദയഭിത്തിയും ശ്വാസകോശ ഭാഗവും പുനർനിർമിച്ചു

മംഗളൂരു:അർബുദം ബാധിച്ച യുവതിക്ക് 13 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുതുജീവൻ. കണ്ണൂരിൽ താമസക്കാരിയായ കോഴിക്കോട് സ്വദേശിനി സ്വാതി(33)ക്കാണ് അർബുദം ബാധിച്ച വലതു ഹൃദയഭിത്തിയും ശ്വാസകോശത്തിന്റെ ഒരുഭാഗവും പുനർനിർമിച്ച് മംഗളൂരു യേനപ്പോയ മെഡിക്കൽ കോേളജ് ആശുപത്രിയിൽ സങ്കീർണ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകിയത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഹൃദയഭിത്തിയും ശ്വാസകോശത്തിന്റെ ഒരു ഭാഗവും നീക്കംചെയ്ത് പകരം കൃത്രിമമായി നിർമിച്ച് വിജയകരമായി മാറ്റിസ്ഥാപിച്ചതെന്ന് യേനപ്പോയ മെഡിക്കൽ കോളേജ് അധികൃതർ അവകാശപ്പെട്ടു.
സ്വാതിക്ക് ജനിക്കുമ്പോൾത്തന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. നട്ടെല്ലിനുണ്ടായിരുന്ന വളവ് വർഷങ്ങൾക്കുമുൻപ് ശസ്ത്രക്രിയയിലൂടെ ശരിയാക്കിയതാണ്. 2019 ജൂണിലാണ് അർബുദം സ്ഥിരീകരിച്ചത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ഭാഗങ്ങൾ നീക്കംചെയ്ത് ഈ ഭാഗങ്ങൾ പുനർനിർമിക്കുക അസാധ്യമാണെന്ന് പറഞ്ഞ് ഇവിടെ നിന്നെല്ലാം തിരിച്ചയക്കുകയായിരുന്നുവെന്ന് യുവതിയുടെ രക്ഷിതാക്കൾ പറഞ്ഞു.
പിന്നീട് യുവതിയെ യേനപ്പോയ ആസ്പത്രിയിൽ എത്തിച്ചു. അർബുദ ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ. ജലാലുദ്ദീൻ അക്ബറിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലാണ് ഹൃദയത്തിന്റെ വലതു ഭിത്തിയും ശ്വാസകോശത്തിന്റെ ഭാഗങ്ങളും ഒൻപത് വാരിയെല്ലുകളും നീക്കംചെയ്തത്. ഡ്വൽ മെഷ് ഉപയോഗിച്ച് ഹൃദയഭിത്തി പുനർനിർമിച്ചു. വാരിയെല്ലുകളുടെ സ്ഥാനത്ത് ടൈറ്റാനിയം പ്ലേറ്റുകൾ സ്ഥാപിച്ചു. അർബുദം ബാധിച്ച 2.5 കിലോഗ്രാം തൂക്കം വരുന്ന ഭാഗം നീക്കം ചെയ്താണ് ശസ്ത്രക്രിയ നടത്തിയത്.
ഒരുമാസത്തിനുശേഷം യുവതി ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതായി രക്ഷിതാക്കളും ആശുപത്രി അധികൃതരും അറിയിച്ചു. ഡോ. ജലാലുദ്ദീൻ അക്ബറിനുപുറമെ അർബുദ ശസ്ത്രക്രിയാവിദഗ്ധനും യേനപ്പോയ സർവകലാശാല വൈസ് ചാൻസലറുമായ ഡോ. എം.വിജയകുമാർ, ശസ്ത്രക്രിയാ വിദഗ്ധരായ ഡോ. രോഹൻ ഷെട്ടി, ഡോ. അമർ റാവു, ഡോ. നൂർ മുഹമ്മദ്, ന്യൂറോ സർജൻ ഡോ. എസ്.പവമൻ, അസ്ഥി ശസ്ത്രക്രിയാവിദഗ്ധൻ ഡോ. അഭിഷേക് ഷെട്ടി എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.

