കോവിഡ് മരണ ലിസ്റ്റ് പൂര്‍ണമല്ലെന്ന് പ്രതിപക്ഷം; പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി

കോവിഡ് മരണ ലിസ്റ്റ് പൂര്‍ണമല്ലെന്ന് ചൂണ്ടി കാട്ടി പ്രതിപക്ഷം നോട്ടീസ് നല്‍കി. കോവിഡ് മരണക്കണക്കില്‍ അപാകതയുണ്ടെന്നും അപാകത കാരണം അര്‍ഹരായ കുടുംബങ്ങള്‍ക്ക് കേന്ദ്ര ധനസഹായം നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടി പി.സി വിഷ്ണുനാഥാണ് നോട്ടീസ് നല്‍കിയത്. കോവിഡ് സ്ഥിരീകരിച്ച നാള്‍ മുതല്‍ 30 ദിവസത്തിനകം മരണപ്പെട്ടാല്‍ കോവിഡ് മരണമായി കണക്കാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കി. കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ സമിതികള്‍ നിലവിലുണ്ട്. പി എച്ച് സി, എഫ് എച്ച് സി വഴിയും പരാതി നല്‍കാം. പരാതികള്‍ 30 ദിവസത്തിനകം തീര്‍പ്പുകല്‍പ്പിക്കുമെന്നും ആരോഗ്യ മന്ത്രി സഭയില്‍ പറഞ്ഞു.
“സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് ബാധിച്ച് പ്രതിദിനം 100 നും 150 നും ഇടയില്‍ മരിക്കുന്നു. 30 ശതമാനം മരണവും ആശുപത്രിയില്‍ എത്താന്‍ വൈകിയത് കൊണ്ടാണ്. സംസ്ഥാനത്തിന്‍റെ ആരോഗ്യ സംവിധാനം കാര്യക്ഷമമാണെങ്കില്‍ ഇത് നടക്കില്ല. സമഗ്രമായി ലിസ്റ്റ് മൂന്ന് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിട്ട് മൂന്ന് മാസമായി. നിയമപരമായി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം കൂടാതെ സര്‍ക്കാരിന് എന്ത് സഹായം ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കണം. വാക്സിന്‍ ചലഞ്ചിലൂടെ വാങ്ങിയ 800 കോടി ഉപയോഗിക്കണം. സെറോ സര്‍വെ ഫലം സഭയില്‍ പറയണം. വാക്സിന്‍ എടുത്തിട്ടും ദിവസവും 150 പേര്‍ മരിക്കുന്നതിന് കാരണം വ്യക്തമാക്കണം. ” – പി.സി വിഷ്ണുനാഥ് പറഞ്ഞു.
ജൂണ്‍ മാസം മുതല്‍ മരണങ്ങള്‍ ഓണ്‍ലൈന്‍ ആയിട്ടാണ് അപ്ഡേറ്റ് ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ പുഴകളിലൂടെയും നദികളിലൂടെയും മൃതദേഹങ്ങള്‍ ഒഴുകിനടക്കുകയാണെന്നും ഓക്സിജന്‍ ഇല്ലാതെ കേരളത്തില്‍ ഒരാള്‍ പോലും മരിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

