യുപി സര്‍ക്കാര്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്?- രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ലഖിംപൂർ സംഘർഷത്തിൽ യുപി സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ലഖിംപുർ കേസിൽ യുപി പോലീസ് സ്വീകരിച്ച നടപടിയിൽ തൃപ്തരല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കൊലക്കുറ്റം ചുമത്തിയ കേസിൽ സാധാരണ ഇത്രയും ഉദാര സമീപം ഉണ്ടാകുമോ എന്ന് കോടതി ചോദിച്ചു. എന്ത് സന്ദേശമാണ് യുപി സർക്കാർ ജനങ്ങൾക്ക് നൽകുന്നത്. കേസിൽ ഉൾപ്പെട്ടവർ ഉന്നതരായതിനാൽ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലും കാര്യമില്ല. കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാൻ ഡിജിപിക്ക് കോടതി നിർദേശം നൽകി.
വാഹനം കർഷകർക്ക് മേൽ ഓടിച്ചുകയറ്റിയ കേസിൽ ആരോപണവിധേയനായ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം തേടിയെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു. അതിനായി ശനിയാഴ്ച രാവിലെ 11 മണിവരെ സമയം നൽകിയെന്നും എന്നിട്ടും ഹാജരായില്ലെങ്കിൽ നടപടി എടുക്കുമെന്നാണ് സർക്കാർ അറിയിച്ചത്. ഈ വാദം കേട്ട കോടതി ഇതേ കുറ്റം ചെയ്ത മറ്റുള്ളവരോട് ഇതേ നിലപാട് തന്നെയാകുമോ എന്ന് സർക്കാർ അഭിഭാഷകനോട് ചോദിച്ചു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തിൽ വെടിയേറ്റതിന്റെ മുറിവുകളില്ലെന്ന് യുപി സർക്കാരിനായി ഹാജരായ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. രണ്ട് തിരകൾ കണ്ടെത്തിയിട്ടുണ്ട്. ആരോപണവിധേയനായ ആൾക്ക് തെറ്റായ ലക്ഷ്യമുണ്ടായിരുന്നിരിക്കാമെന്നും സാൽവെ വാദിച്ചു.

