കാപ്പിക്കമ്പ് പിടിച്ച് ജെബിൻ ജീവിതത്തിലേക്ക് കരയകറി; അപ്പോഴേക്കും അച്ഛനെ ഉരുൾ കൊണ്ടുപോയിരുന്നു

കാപ്പിക്കമ്പായിരുന്നു പതിനൊന്നുകാരനായ ജെബിന്റെ ജീവിതത്തിലേക്കുള്ള നൂൽപ്പാലം. വെള്ളപ്പാച്ചിലിൽ പുല്ലകയാറിലേക്ക് ഒഴുകിപ്പോയ ജെബിൻ അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഒപ്പം ഒഴുകിപ്പോയ അച്ഛനെ അവന് നഷ്ടപ്പെട്ടു.
കൊക്കയാർ മാക്കോച്ചി ഭാഗത്ത് താമസിക്കുന്ന ചിറയിൽ ഷാജിയുടെ മകൻ ജെബിൻ ഷാജി(11)യാണ് ഉരുൾപൊട്ടലിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഷാജിയുടെ മൃതദേഹം തിരച്ചിലിനൊടുവിൽ കിലോമീറ്ററുകൾ അകലെ മണിമലയാറ്റിൽനിന്നാണ് കണ്ടെടുത്തത്.
“ഞാൻ ഒഴുകിപ്പോകുമ്പോൾ വലിയ പാറക്കല്ലുകൾ വന്നുവീഴുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ചിലത് അച്ഛന്റെ ദേഹത്ത് വീഴുന്നതും കണ്ടു” -ജെബിൻ പറഞ്ഞു. ചെറിയ പരിക്കുകളോടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച ജെബിൻ ഞായറാഴ്ച ഉച്ചയോടെ ആശുപത്രി വിട്ടു. സംഭവം നടക്കുമ്പോൾ ജെബിനും ഷാജിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ശനിയാഴ്ച ഉച്ചയോടെ വീടിനുമുകളിൽനിന്ന് വലിയ ശബ്ദത്തോടെ വെള്ളവും കല്ലും ഒഴുകിയെത്തുന്നതുകണ്ടാണ് വീടിനുപുറത്തേക്ക് ഇറങ്ങിയത്. നിമിഷങ്ങൾക്കുള്ളിൽ പാഞ്ഞെത്തിയ വെള്ളം ജെബിനെയും ഷാജിയെയും ഒഴുക്കിക്കൊണ്ടുപോയി.
വീടിനുമുന്നിലൂടെ ഒഴുകുന്ന പുല്ലകയാറിന്റെ സമീപംവരെ ജെബിൻ ഒഴുകിയെത്തി. കാൽ ചെളിക്കുഴിയിൽ താഴ്ന്നുപോയെങ്കിലും സമീപത്തുനിന്നിരുന്ന കാപ്പിയുടെ കമ്പിൽ പിടിത്തംകിട്ടി. അതിൽ തൂങ്ങിക്കയറി സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വേരുപിടിത്തവും കമ്പിന് ബലവുമുള്ള കാപ്പിച്ചെടിയിൽ പിടിച്ചതിനാലാണ് കുത്തൊഴുക്കിൽ പെട്ടുപോകാതിരുന്നത്. മുഖത്ത് ചെളിയിൽ ഉരഞ്ഞുള്ള പോറലും കാലിന് ചെറിയ പരിക്കുംപറ്റി.
അമ്മ ആനി എറണാകുളത്തായിരുന്നു. സഹോദരങ്ങളായ ജെറിനും ജെസ്റ്റിനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. കൂട്ടിക്കൽ സെയ്ന്റ് ജോർജ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ജെബിൻ.

