ദുരന്തഭൂമിയില്‍ അലന് ഇപ്പോഴും കാണാമറയത്ത്, ജന്മദിനത്തിലും തിരച്ചില്‍ തുടര്‍ന്ന് ബന്ധുക്കള്‍

കൂട്ടിക്കൽ(കോട്ടയം): ഇന്ന് അലന്റെ പതിനാലാം ജന്മദിനമാണ്, അവനിഷ്ടമുള്ള ബ്ലാക്ക് ഫോറസ്റ്റ് കേക്കും വാങ്ങി പുതിയ വീട്ടിൽ ആഘോഷിക്കാനിരിക്കെയാണ് അപ്രതീക്ഷിത ദുരന്തം എല്ലാം കവർന്നത്. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തസ്ഥലത്ത് അലൻ എന്ന പതിനാല് വയസ്സുകാരന് വേണ്ടിയുള്ള തിരച്ചിൽ ബന്ധുക്കൾ അവന്റെ ജന്മദിവസവും തുടരുകയാണ്.
ഇന്നലെ ദുരന്തസ്ഥലത്ത് നിന്ന് കുട്ടിയുടേതെന്ന് തോന്നുന്ന ചില മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. അലന്റേതെന്ന് കരുതി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരുന്നെങ്കിലും മൃതദേഹം മാറിപ്പോയെന്ന അറിയിപ്പ് ലഭിച്ചുവെന്ന് അലന്റെ അമ്മാവൻ റെജി പറഞ്ഞു.
കാലടക്കമുള്ള ശരീരഭാഗങ്ങളാണ് അലന്റെതെന്ന് കരുതി ഇന്നലെ ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റുമോർട്ടത്തിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ശരീരഭാഗം കുട്ടിയുടേതല്ലെന്ന സംശയം ഉണ്ടായത്. തുടർന്ന് ശരീരഭാഗം മോർച്ചറിയിലേക്കുമാറ്റി.
ആറ്റുചാലിൽ ജോമിയുടെ മകനാണ് അലൻ. ജോമിയുടെ ഭാര്യ സോണിയയും ദുരന്തത്തിൽ അകപ്പെട്ടിരുന്നു. വീടിനടുത്തുണ്ടായ മണ്ണിടിച്ചലിനെ കുറിച്ച് സമീപത്തെ കടയിലെത്തി സംസാരിക്കുന്നതിനിടെ വീടും പുരയിടവും ഇടിഞ്ഞ് ഇവർ നിന്ന കടയ്ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. അലന്റെ പിതാവ് ജോമി നോക്കിനിൽക്കെയാണ് അപകടമുണ്ടായത്. കടയിലുണ്ടായിരുന്ന സരസമ്മ, അയൽവാസിയായ റോഷ്നി എന്നിവരും മരിച്ചു.

