KSDLIVENEWS

Real news for everyone

മകനെ പിന്നിലൂടെയെത്തി വെട്ടി? പൈപ്പിന്‍ചുവട്ടില്‍ ചോരപ്പാടുകള്‍, പൂജപ്പുര വീട്ടില്‍ നടന്നതെന്ത്?

SHARE THIS ON

കൊട്ടാരക്കര : നീലേശ്വരം ആക്കനാട്ട് രണ്ടുമക്കളെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയനിലയിലും ഗൃഹനാഥനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി.

കാരുണ്യനഗർ പൂജപ്പുരവീട്ടിൽ രാജേന്ദ്രൻ (55), ഭാര്യ അനിത (48), മക്കളായ ആദിത്ത് രാജ് (24), അമൃതാരാജ് (20) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഓട്ടോഡ്രൈവറായ രാജേന്ദ്രൻ ആത്മഹത്യചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


ഞായറാഴ്ച രാത്രിയാണ് സംഭവം. ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പുമുറിയിലും മകന്റെ മൃതദേഹം ഹാളിലുമാണ് കണ്ടെത്തിയത്. മറ്റൊരു കിടപ്പുമുറിയിലായിരുന്നു രാജേന്ദ്രന്റെ മൃതദേഹം. അനിതയുടെയും അമൃതയുടെയും കഴുത്തിനാണ് വെട്ടേറ്റത്. ആദിത്തിന്റെ കഴുത്തിനും മുഖത്തും വെട്ടേറ്റിട്ടുണ്ട്. വെട്ടാൻ ഉപയോഗിച്ചതെന്നു കരുതുന്ന വാക്കത്തി പോലീസ് കണ്ടെടുത്തു.

വിദേശത്തായിരുന്ന രാജേന്ദ്രൻ പത്തുവർഷംമുൻപാണ് മടങ്ങിയെത്തിയത്. അതിനുശേഷം നീലേശ്വരത്ത് ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. വീടു നിർമാണത്തിലുണ്ടായ സാമ്പത്തികബാധ്യതയാകാം കാരണമെന്ന് പോലീസ് കരുതുന്നു. നീലേശ്വരത്ത് സ്വകാര്യ സി.സി.ടി.വി. സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു ആദിത്ത്. കൊട്ടാരക്കര എസ്.ജി.കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയ അമൃത കൊട്ടാരക്കരയിൽ സ്വകാര്യ കംപ്യൂട്ടർ സ്ഥാപനത്തിൽ വിദ്യാർഥിയായിരുന്നു. തൊഴിലുറപ്പു തൊഴിലാളിയാണ് അനിത. രാജേന്ദ്രൻ മുൻപ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സതേടിയിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴിനൽകി. ദക്ഷിണമേഖലാ ഡി.ഐ.ജി. സഞ്ജയ്കുമാർ ഗുരുദിൻ, റൂറൽ എസ്.പി. കെ.ബി.രവി, അഡീഷണൽ എസ്.പി. മധുസൂദനൻ, കൊട്ടാരക്കര ഡിവൈ.എസ്.പി. ആർ.സുരേഷ്, ഇൻസ്പെക്ടർ ജോസഫ് ലിയോൺ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.


ആദിത്തിന്റെ കാലിൽ ചെരിപ്പ്, പിന്നിലൂടെയെത്തി വെട്ടി?

ഭാര്യയെയും ചെറുപ്പക്കാരായ മക്കളെയും കൊലപ്പെടുത്തിയശേഷം രാജേന്ദ്രൻ ആത്മഹത്യചെയ്തു എന്ന പ്രാഥമികനിഗമനത്തിൽ തന്നെയാണ് പോലീസ്. എങ്കിലും മറ്റു സാധ്യതകളും അന്വേഷിക്കുന്നതായി ഡിവൈ.എസ്.പി. ആർ.സുരേഷ് പറഞ്ഞു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ആദിത്ത് വീട്ടിലേക്കുപോയതെന്ന് ഒപ്പം ജോലിചെയ്യുന്ന സുഹൃത്തുക്കൾ പറയുന്നു. വീട്ടിൽനിന്നു രാത്രി പന്ത്രണ്ടുവരെ ശബ്ദമോ ബഹളമോ കേട്ടിരുന്നില്ലെന്ന് സമീപവാസികളും പറയുന്നു. ഉറങ്ങിക്കിടന്ന മകളെയും ഭാര്യയെയും കൊലപ്പെടുത്തിയശേഷം മകനെയും കൊന്നതാകാമെന്നാണ് പോലീസ് കരുതുന്നത്. ഹാളിൽ ഇരുന്ന ആദിത്തിനെ പിന്നിലൂടെയെത്തി വെട്ടിയതാകാമെന്നും നിഗമനമുണ്ട്. ഹാളിൽ മരിച്ചുകിടന്ന ആദിത്തിന്റെ കാലിൽ ചെരിപ്പുണ്ടായിരുന്നു. പുറത്ത് വെട്ടുകത്തി കഴുകിയ പൈപ്പിനുചുവട്ടിൽ ചോരപ്പാടുകളുണ്ടായിരുന്നു. രാവിലെ ആറോടെ സമീപവാസിയും ടാപ്പിങ് തൊഴിലാളിയുമായ ജോർജ്കുട്ടി പാലുമായി എത്തിയിരുന്നു. കതകടഞ്ഞുകിടന്നതിനാൽ പുറത്തുെവച്ചശേഷം സമീപപുരയിടത്തിൽ ടാപ്പിങ്ങിനായി പോയി. പത്തോടെ ആദിത്തിനെ തേടിയെത്തിയ സുഹൃത്ത് സിബിനാണ് കൊലപാതകവിവരം ആദ്യം അറിയുന്നതും പോലീസിനെയും നാട്ടുകാരെയും അറിയിക്കുന്നതും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൂന്നോടെയാണ് മൃതദേഹങ്ങൾ മാറ്റിയത്. ദക്ഷിണമേഖലാ ഡി.ഐ.ജി. സഞ്ജയ്കുമാർ ഗുരുദിൻ, കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി.രവി, അഡീഷണൽ എസ്.പി. മധുസൂദനൻ, കൊടിക്കുന്നിൽ സുരേഷ് എം.പി. ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.


ഞെട്ടൽമാറാതെ നാട്…


പുറമേ നിന്നുകണ്ടാൽ ശാന്തമായ നീലേശ്വരം പൂജപ്പുര വീട് ഒരിക്കലും മാറാത്ത ഞെട്ടലാണ് തിങ്കളാഴ്ച നാടിനു സമ്മാനിച്ചത്. നാട്ടിൽ അധികം ബന്ധങ്ങളില്ലാത്ത ഒരു കുടുംബം കൊലചെയ്യപ്പെട്ടെന്ന വാർത്ത പരന്നത് കാട്ടുതീയേക്കാൾ വേഗത്തിലായിരുന്നു. പോലീസ് കെട്ടിയ ചെറുകയറിനിപ്പുറം അറിയാനുള്ള ആകാംക്ഷയോടെ നാട്ടുകാർ നിരന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെത്തി. എല്ലാവർക്കും അറിയേണ്ടിയിരുന്നത് രാജേന്ദ്രൻ എന്തിനിതു ചെയ്തു എന്നായിരുന്നു. കുടുംബത്തെക്കുറിച്ച് എതിരഭിപ്രായം പറയുന്ന ഒരാൾപോലുമില്ലായിരുന്നു. അയൽവാസികളും തൊഴിലുറപ്പുതൊഴിലാളികളും ഓട്ടോ തൊഴിലാളികളുമെല്ലാം ഒരേസ്വരത്തിൽ പറഞ്ഞതും കുടുംബത്തിൽ ഒരു പ്രശ്നവുമില്ലെന്നുതന്നെയായിരുന്നു. പുറമേ സുന്ദരമെങ്കിലും പണിതീരാത്ത വീടിന്റെ കാഴ്ചകളായിരുന്നു ഉള്ളിലെല്ലാം. ഹാളിലും കിടപ്പുമുറിയിലുമായി മൃതദേഹങ്ങൾ. ഫൊറൻസിക് പരിശോധനയും നടപടികളും പൂർത്തിയാക്കി മൂന്നോടെ മൃതദേഹങ്ങൾ പുറത്തെടുത്തു.

ആദ്യം ആദിത്തിന്റേത്. പിന്നീട് ക്രമത്തിൽ രാജേന്ദ്രൻ, അനിത, അമൃത എന്നിവരുടേതും. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ വാർഡ് അംഗം ജലജാകുമാരി, അയൽക്കാർ, അടുത്ത ബന്ധുക്കൾ എന്നിവരെ പോലീസ് നടപടികൾക്ക് സാക്ഷിയാക്കി. മൃതദേഹങ്ങൾ ആദ്യം കണ്ട സിബിൻ, വീട്ടിൽ ആദ്യമെത്തിയ ടാപ്പിങ് തൊഴിലാളി ജോർജ്കുട്ടി എന്നിവരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തി. എല്ലാം കഴിഞ്ഞ് വീടു മുദ്രവെച്ച് പോലീസ് മടങ്ങിയപ്പോഴേക്കും നേരം വൈകിയിരുന്നു. അപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം നാട്ടുകാരിൽ ബാക്കിയായി-എന്തിനിതു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!