KSDLIVENEWS

Real news for everyone

നിലയുറപ്പിച്ച് ശ്രേയസും ജഡേജയും; ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ നാലിന് 258 റണ്‍സ്

SHARE THIS ON

കാൺപുർ: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ മികച്ച നിലയിൽ.

അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ് അയ്യർ – രവീന്ദ്ര ജഡേജ സഖ്യത്തിന്റെ മികവിൽ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 258 റൺസെന്ന നിലയിലാണ്. ഇരുവരും ചേർന്ന് ഇതുവരെ 113 റൺസ് ഇന്ത്യൻ സ്കോറിലേക്ക് ചേർത്തിട്ടുണ്ട്.


ശ്രേയസ് 136 പന്തിൽ നിന്ന് രണ്ടു സിക്സും ഏഴു ഫോറുമടക്കം 75 റൺസോടെയും ജഡേജ 100 പന്തിൽ നിന്ന് ആറ് ബൗണ്ടറിയടക്കം 50 റൺസോടെയും പുറത്താകാതെ നിൽക്കുന്നു. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധ സെഞ്ചുറി കണ്ടെത്തിയ ശ്രേയസിന്റെ മികവാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് തുണയായത്.

അർധ സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. 93 പന്തുകൾ നേരിട്ട ഗിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം 52 റൺസെടുത്ത് പുറത്തായി.


ടോസ് നേടി ആദ്യ ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 13 റൺസെടുത്ത താരത്തെ കൈൽ ജാമിസൺ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലിന്റെ കൈയ്യിലെത്തിക്കുകയായിരുന്നു.

രണ്ടാം വിക്കറ്റിൽ ഗില്ലും ചേതേശ്വർ പൂജാരയും ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്തു. ഈ കൂട്ടുകെട്ട് മുന്നേറുന്നതിനിടെ 30-ാം ഓവറിൽ കൈൽ ജാമിസൺ ഗില്ലിന്റെ കുറ്റി തെറിപ്പിച്ചു.

വൈകാതെ ചേതേശ്വർ പൂജാരയും മടങ്ങി 88 പന്തുകളിൽ നിന്ന് 26 റൺസെടുത്ത താരത്തെ ടിം സൗത്തി വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിക്കുകയായിരുന്നു.


ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും രഹാനെയ്ക്ക് വീണ്ടും പിഴച്ചു. 63 പന്തുകളിൽ നിന്ന് 35 റൺസെടുത്ത രഹാനെയെ കൈൽ ജാമിസൺ ബൗൾഡാക്കുകയായിരുന്നു. ഇതോടെ ഇന്ത്യ നാലിന് 145 എന്ന നിലയിലേക്ക് വീണു. തുടർന്നായിരുന്നു അയ്യർ – ജഡേജ സഖ്യത്തിന്റെ രക്ഷാപ്രർത്തനം.

കിവീസിനായി കൈൽ ജാമിസൺ മൂന്നു വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി ഒരു വിക്കറ്റെടുത്തു. മൂന്ന് സ്പിന്നർമാരെ കളിപ്പിച്ചിട്ടും കിവീസിന് ആദ്യ ദിനം കാര്യമായ വെല്ലുവിളി ഉയർത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!