പ്രതിഷേധിച്ചതിന് നടപടി; എളമരം കരീം, ബിനോയ് വിശ്വം ഉള്‍പ്പെടെ 12 രാജ്യസഭാ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡൽഹി: എളമരം കരീം, ബിനോയ് വിശ്വം എന്നിവർ ഉൾപ്പെടെ രാജ്യസഭയിലെ 12 പ്രതിപക്ഷ എം.പിമാർക്ക് സസ്പെൻഷൻ. വർഷകാല സമ്മേളനത്തിലെ അവസാന ദിവസത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ശൈത്യകാല സമ്മേളനത്തിൽനിന്ന് സസ്പെൻഡ് ചെയ്തത്.
എളമരം കരീം (സി.പി.എം.), ബിനോയ് വിശ്വം (സി.പി.ഐ.) എന്നിവരെ കൂടാതെ ഫുലോ ദേവി നേതാം (കോൺഗ്രസ്), ഛായാ വർമ (കോൺഗ്രസ്), ഋപുൺ ബോറ (കോൺഗ്രസ്), രാജാമണി പട്ടേൽ (കോൺഗ്രസ്), ഡോല സെൻ (തൃണമൂൽ കോൺഗ്രസ്), ശാന്താ ഛേത്രി (തൃണമൂൽ കോൺഗ്രസ്), സെയ്ദ് നസീർ ഹുസൈൻ (കോൺഗ്രസ്), പ്രിയങ്കാ ചതുർവേദി (ശിവസേന), അനിൽ ദേശായി (ശിവസേന), അഖിലേഷ് പ്രസാദ് സിങ്ങ് (കോൺഗ്രസ്) എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്.
എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിയെ പ്രതിപക്ഷം അപലപിച്ചു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള മോശം പെരുമാറ്റവും ധിക്കാരപരമായ പ്രവൃത്തികളും എം.പിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് സസ്പെൻഷൻ പ്രമേയം ആരോപിക്കുന്നു. അക്രമാസക്തവും നിയന്ത്രണമില്ലാത്തതുമായ പെരുമാറ്റമാണ് എം.പിമാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും സുരക്ഷാജീവനക്കാരെ കരുതിക്കൂട്ടി ആക്രമിച്ചെന്നും സസ്പെൻഷൻ പ്രമേയത്തിൽ പറയുന്നുണ്ട്. അതേസമയം, അനുചിതവും ജനാധിപത്യവിരുദ്ധവുമാണ് നടപടിയെന്ന് പ്രതിപക്ഷം സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.

