KSDLIVENEWS

Real news for everyone

പാന്‍ട്രിയില്‍ ജോലി, ടിടിഇയുടെ യൂണിഫോം മോഷ്ടിച്ച് ഫൈന്‍ അടിച്ച് തുടക്കം; കോടികളുടെ തട്ടിപ്പ് ഇങ്ങനെ

SHARE THIS ON

കോഴിക്കോട്: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ പി.ഷമീം നേരത്തെയും സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ്. ഇയാൾ കോട്ടയത്ത് പിടിയിലായതറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് തട്ടിപ്പിനിരയായ നിരവധി പേരാണ് വിളിക്കുന്നതെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്നും കോട്ടയം ഡിവൈ.എസ്.പി. ജെ.സന്തോഷ്കുമാർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

റെയിൽവേയിൽ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് കാഞ്ഞങ്ങാട് കമ്മാടംകുളത്തിങ്കൽ വീട്ടിൽ പി.ഷമീ(33)മിനെ കോട്ടയം പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. തിരുവനന്തപുരം പൂജപ്പുരയിലെ താമസസ്ഥലത്തെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടി ചോദ്യംചെയ്തതോടെയാണ് നേരത്തെയും സമാനകേസിൽ അറസ്റ്റിലായിട്ടുണ്ടെന്നും കോടിക്കണക്കിന് രൂപ തട്ടിയിട്ടുണ്ടെന്നും വ്യക്തമായത്.


2014 മുതൽ ഇത്തരത്തിൽ ജോലി തട്ടിപ്പ് ആരംഭിച്ച പ്രതി ഇതുവരെ 200 കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരത്ത് 300-ലേറെ പേരിൽനിന്ന് 150 കോടിയോളം രൂപയാണ് ഷമീം തട്ടിയത്. കോട്ടയത്തും നേരത്തെ സമാനരീതിയിൽ ലക്ഷങ്ങൾ തട്ടിയിരുന്നു. ഏറ്റവും ഒടുവിലായി 27 പേരാണ് ഇയാൾക്കെതിരേ പരാതി നൽകിയിരിക്കുന്നത്. കോട്ടയം, കുമരകം മേഖലയിൽനിന്നുള്ളവരാണ് ഇവർ. ഏകദേശം 45 ലക്ഷത്തോളം രൂപ ഇവരിൽനിന്ന് മാത്രം കൈക്കലാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

റെയിൽവേയിൽ ജോലി വാഗ്ദാനം, വ്യാജ ഐ.ഡി. കാർഡുകൾ…


റെയിൽവേയിൽ ക്ലാർക്ക്, ടിക്കറ്റ് എക്സാമിനർ, ലോക്കോ പൈലറ്റ്, അസി. സ്റ്റേഷൻ മാസ്റ്റർ, നഴ്സ് തുടങ്ങിയ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് ഷമീം തട്ടിപ്പ് നടത്തിയിരുന്നത്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അംഗം, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ചീഫ് എക്സാമിനർ എന്നീ പദവികളിൽ പ്രവർത്തിക്കുന്നയാളാണെന്നാണ് സ്വയം പരിചയപ്പെടുത്താറുള്ളത്. ഇതിന് തെളിവായി റെയിൽവേയുടെ പേരിലുള്ള ഫോട്ടോ പതിച്ച വ്യാജ ഐ.ഡി. കാർഡുകളും നിർമിച്ചിരുന്നു. യാത്രയ്ക്കിടെയോ മറ്റോ പരിചയപ്പെടുന്നവരെയാണ് തട്ടിപ്പിൽ വീഴ്ത്തുന്നത്. റെയിൽവേയിൽ ഒട്ടേറെ ജോലി ഒഴിവുണ്ടെന്നും ഇപ്പോൾ അപേക്ഷിച്ചാൽ അത് വാങ്ങിത്തരാമെന്നും വിശ്വസിപ്പിക്കും. പരിചയപ്പെടുന്നവർക്ക് തന്റെ ഫോൺനമ്പറും നൽകും. ഷമീം പുഴക്കര, ഷാനു ഷാൻ തുടങ്ങിയ പേരുകളിലാണ് മറ്റുള്ളവരെ പരിചയപ്പെട്ടിരുന്നത്.

അപേക്ഷഫോം വാങ്ങുന്നതും അത് പൂരിപ്പിച്ച് കൈമാറുന്നതുമാണ് ഷമീമിന്റെ ‘റിക്രൂട്ട്മെന്റി’ലെ ആദ്യഘട്ടം. സ്വന്തമായി നിർമിച്ച വ്യാജ അപേക്ഷഫോമിന് നാലായിരം രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇയാളുടെ ജോലിവാഗ്ദാനത്തിൽ വീണ് അപേക്ഷഫോം വാങ്ങുന്നവരെ പിന്നീട് വീണ്ടും ഫോണിൽ ബന്ധപ്പെടും. കുറച്ചധികം ജോലി ഒഴിവുകളുണ്ടെന്നും അറിയാവുന്ന മറ്റുള്ളവരുണ്ടെങ്കിൽ അവർക്ക് കൂടി ജോലി തരപ്പെടുത്തിനൽകാമെന്നും അറിയിക്കും. ഇത് വിശ്വസിക്കുന്നവർ തങ്ങൾക്ക് പരിചയമുള്ള കൂടുതൽപേരെ പ്രതിയ്ക്ക് പരിചയപ്പെടുത്തിനൽകും. തുടർന്ന് ഇവരിൽനിന്നും അപേക്ഷഫോമിന്റെ പണം ഈടാക്കും. ഏകദേശം ഇരുപതോ അതിലധികമോ പേർ തട്ടിപ്പിൽ കുരുങ്ങിയെന്ന് കണ്ടാൽ അടുത്തഘട്ടത്തിലേക്ക് കടക്കും.

ഒ.എം.ആർ. ഷീറ്റ് നൽകി പരീക്ഷ, ബെംഗളൂരുവിൽ മെഡിക്കൽ ടെസ്റ്റ്…


ഒ.എം.ആർ. ഷീറ്റ് നൽകി ഉദ്യോഗാർഥികൾക്ക് പരീക്ഷ നടത്തുന്നതാണ് തട്ടിപ്പിന്റെ രണ്ടാംഘട്ടം. പ്രതി തന്നെ സ്വന്തമായി നിർമിച്ച ഒ.എം.ആർ. ഷീറ്റുകളാണ് ഉദ്യോഗാർഥികൾക്ക് നൽകുക. ബെംഗളൂരുവിലെയോ മറ്റുനഗരങ്ങളിലെയോ സ്വകാര്യ ഹോട്ടലിലോ മറ്റോ വെച്ചാകും പരീക്ഷ. ഉത്തരങ്ങളും ഇവർക്ക് നേരത്തെ നൽകും. ഈ ഘട്ടത്തിൽ 20000 രൂപ മുതൽ 30000 രൂപ വരെ കൈക്കലാക്കും. പരീക്ഷ നടത്തി ദിവസങ്ങൾ കഴിഞ്ഞാൽ ഫലപ്രഖ്യാപനവും പ്രതി തന്നെ അറിയിക്കും. പരീക്ഷ പാസായെന്നും ഇനി മെഡിക്കൽ ടെസ്റ്റുണ്ടെന്നും ഉദ്യോഗാർഥികളോട് പറയും.

ബെംഗളൂരുവിലെ റെയിൽവേ ആശുപത്രിയിലേക്കാണ് മെഡിക്കൽ ടെസ്റ്റിനായി ഉദ്യോഗാർഥികളെ കൂട്ടിക്കൊണ്ടുപോവുക. എന്നാൽ ആശുപത്രി പരിസരത്ത് ഉദ്യോഗാർഥികളെ നിർത്തിയശേഷം താൻ അകത്തുപോയി സർട്ടിഫിക്കറ്റുകളെല്ലാം ശരിയാക്കിവരാമെന്ന് പറയും. തുടർന്ന് നേരത്തെ കൈയിൽ കരുതിയ വ്യാജ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ എല്ലാവർക്കും നൽകും. ബാക്കി പണവും ഈടാക്കും. ഇതിനുശേഷം സ്വന്തമായി നിർമിച്ച വ്യാജ നിയമന ഉത്തരവുകളും കൈമാറും. ഇത് കൈപ്പറ്റി ജോലിക്ക് കയറാൻ പോകുമ്പോളാണ് തട്ടിപ്പിനിരയായെന്ന് ഉദ്യോഗാർഥികൾക്ക് ബോധ്യപ്പെടുക. കോട്ടയത്തെ പുതിയ കേസിൽ ഈ ഘട്ടം വരെ എത്തിയില്ലെന്നാണ് പോലീസ് പറയുന്നത്. നിയമന ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് തന്നെ ചിലർക്ക് സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പത്താംക്ലാസ് വിദ്യാഭ്യാസം, പാൻട്രിയിൽ ജോലി…


2012-13 കാലത്ത് ട്രെയിനിലെ പാൻട്രി കാറിൽ ജോലിചെയ്തത് മാത്രമാണ് ഷമീമിന്റെ റെയിൽവേയുമായുള്ള ‘ബന്ധം’. മംഗള എക്സ്പ്രസിലെയും മറ്റു ട്രെയിനുകളിലെയും പാൻട്രി കാറിലായിരുന്നു ജോലി. ഈ സമയത്ത് ഒരു ടി.ടി.ഇ.യുടെ യൂണിഫോം അടിച്ചുമാറ്റി, അത് ധരിച്ച് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചതിന് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. രാത്രി ഉറങ്ങിപ്പോയ ടി.ടി.ഇ.യുടെ യൂണിഫോമാണ് പാൻട്രി കാറിൽ ജോലിചെയ്തിരുന്ന ഷമീം മോഷ്ടിച്ചത്. തുടർന്ന് ഈ യൂണിഫോം ധരിച്ച് ട്രയിനിലെ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുകയും പലർക്കും ഫൈൻ അടിക്കുകയും ചെയ്തു. ഈ സംഭവത്തിൽ സേലം റെയിൽവേ പോലീസ് ഇയാളെ പിടികൂടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

2014-ലാണ് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് മാത്രം 150 കോടിയോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 2014,2016,2018 തുടങ്ങിയ വർഷങ്ങളിൽ ജോലി തട്ടിപ്പ് കേസിൽ ഷമീം അറസ്റ്റിലായിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ഇതേ തട്ടിപ്പ് തുടരുകയായിരുന്നു.

ബെംഗളൂരുവിൽ ആഡംബര ഫ്ളാറ്റുകളും ഡാൻസ് ബാറുകളും…


തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ആഡംബര ജീവിതത്തിനായി വിനിയോഗിച്ചെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. ബെംഗളൂരുവിൽ ആഡംബര ഫ്ളാറ്റുകളും പബ്ബുകളും ഡാൻസ് ബാറുകളും വിലയ്ക്ക് വാങ്ങിയിട്ടുണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നാണ് ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞത്. ഇനിയൊരാളും ഇത്തരം തട്ടിപ്പിൽ കുടുങ്ങാതിരിക്കാനാണ് പോലീസിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണക്കടത്ത് കേസിലും പ്രതി…

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലും ഷമീം പ്രതിയാണെന്നാണ് പോലീസ് നൽകുന്നവിവരം. 37 കിലോ സ്വർണം കടത്തിയതിനാണ് ഇയാൾ പിടിയിലായത്. ഈ കേസ് നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരികയാണ്. ഹവാല ഇടപാടുകളിലും ഇയാൾക്ക് പങ്കുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!