നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി. കണ്ണൂർ വിമാനത്താവളത്തിൽ 12.35ഓടെ എത്തിയ അദ്ദേഹത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം വി ഗോവിന്ദൻ, ഡിജിപി അനിൽകാന്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി കണ്ണൂരിലെത്തിയത്
ഭാര്യ സവിതാ കോവിന്ദ്, മകൾ സ്വാതി എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ട്. കണ്ണൂരിൽ നിന്ന് രാഷ്ട്രപതി ഹെലികോപ്റ്ററിൽ കാസർകോട് പെരിയയിലേക്ക് തിരിച്ചു. പെരിയ കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. ഗവർണറും മന്ത്രി എംവി ഗോവിന്ദനും രാഷ്ട്രപതിയെ അനുഗമിച്ചു.
ബിരുദദാന ചടങ്ങിന് ശേഷം രാഷ്ട്രപതി തിരികെ കണ്ണൂരിലെത്തി ഇവിടെ നിന്ന് കൊച്ചി നേവൽ എയർബേസിലേക്ക് തിരിക്കും. ബുധനാഴ്ച രാവിലെ 9.50ന് ദക്ഷിണമേഖലാ നാവിക കമാൻഡിന്റെ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് വിക്രാന്ത് സെൽ സന്ദർശിക്കും.
വ്യാഴാഴ്ച രാവിലെ 10.20ന് അദ്ദേഹം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. രാവിലെ 11.30ന് പൂജപ്പുരയിൽ പി എൻ പണിക്കരുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 9.50ന് അദ്ദേഹം ഡൽഹിക്ക് തിരിക്കും.

