പ്രിയങ്കയുടെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിൽ ഹാക്ക് ചെയ്യപ്പെട്ടതിന് തെളിവുകളില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
തന്റെ മക്കളായ മിരായ വദ്രയുടെയും റൈഹാൻ വദ്രയുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്തതായി ആരോപിച്ച് പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു.
‘ഫോൺ ചോർത്തൽ പോട്ടെ, എന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പോലും അവർ ഹാക്ക് ചെയ്യുന്നു. അവർക്ക് വേറെ പണിയൊന്നുമില്ലേ?’ പ്രിയങ്ക ചോദിച്ചു. ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾക്കെതിരേ കേന്ദ്ര ഏജൻസികൾ നടത്തിയ റെയ്ഡുകളെപ്പറ്റിയും അനധികൃത ഫോൺ ചോർത്തൽ സംബന്ധിച്ച ആരോപണങ്ങളെപ്പറ്റിയുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
എന്നാൽ, പ്രിയങ്ക ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. എന്നിരുന്നാലും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതായും സ്വന്തം നിലയിൽ അന്വേഷണം നടത്താൻ തീരുമാനിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഹാക്കർമാരെ കണ്ടെത്താനും സൈബർ ആക്രമണങ്ങൾ തടയാനും കഴിയുന്ന സിഇആർടി-ഇന്നിനെയാണ് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം ഇതിനായി ചുമതലപ്പെടുത്തിയത്.
പെഗാസസിന് ശേഷം നിയമവിരുദ്ധമായ ഫോൺ നിരീക്ഷണം സംബന്ധിച്ചുള്ള ആരോപണങ്ങൾ വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഇസ്രായേൽ കമ്പനിയായ എൻഎസ്ഒയിൽ നിന്നുള്ള സ്പൈവെയറായ പെഗാസസിന്റെ ഡാറ്റാബേസ് ചോർന്നപ്പോൾ പട്ടികയിൽ രാഹുൽ ഗാന്ധിയടക്കമുള്ളവരുണ്ടെന്ന് വെളിപ്പെടുത്തലുകളുണ്ടായിരുന്നു.
സ്പൈവെയർ സർക്കാരുകൾക്ക് മാത്രമാണ് വിൽക്കുന്നതെന്ന് ഇസ്രായേൽ സ്ഥാപനം വെളിപ്പെടുത്തിയതോടെ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

