KSDLIVENEWS

Real news for everyone

വഖഫ് വിഷയത്തില്‍ തുടര്‍ സമരത്തിനൊരുങ്ങി മുസ്‍ലിം ലീഗ്; വിവാദങ്ങള്‍ക്കിടെ ലീഗുമായുള്ള ബന്ധം വ്യക്തമാക്കി സമസ്ത

SHARE THIS ON

വഖഫ് നിയമന വിഷയത്തില്‍ തുടര്‍ സമരത്തിനൊരുങ്ങി മുസ്‍ലിം ലീഗ്. സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഇന്ന് മലപ്പുറത്ത് നേതൃയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ സി.പി.എം നേതാക്കളുടെ നിരന്തര ലീഗ് വിമര്‍ശനവും യോഗത്തില്‍ ചര്‍ച്ചയാകും.

കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലി വന്‍ വിജയമെന്ന് വിലയിരുത്തിയാണ് തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് മുസ്‍ലിം ലീഗ് ഒരുങ്ങുന്നത് . മുഖ്യമന്ത്രി വാക്കാല്‍ നല്‍കിയ ഉറപ്പിനപ്പുറം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതും രണ്ടാം ഘട്ട സമരത്തിന്റെ ആവശ്യകതയായി ലീഗ് വിലയിരുത്തുന്നുണ്ട് . നിയമസഭ പാസാക്കിയ നിയമം സഭയില്‍ തന്നെ പിന്‍വലിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. സമസ്ത അടക്കം എല്ലാ മുസ്‍ലിം സംഘടനകള്‍ക്കും സ്വീകാര്യമായ രീതിയിലുള്ള രണ്ടാം ഘട്ട സമരമാണ് നേതൃത്വത്തിന്റെ ലക്ഷ്യം.നിയമ സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ ഉപസമിതി റിപ്പോര്‍ട്ട് വിലയിരുത്തിയുള്ള നടപടികളും മറ്റ് രാഷ്ട്രീയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

ഈ വിവാദങ്ങള്‍ക്കിടെ ലീഗുമായുള്ള ബന്ധം വ്യക്തമാക്കി സമസ്ത. പരമ്ബരാഗതമായി സമസ്തക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് മുസ്‍ലിം ലീഗിനെ പരോക്ഷമായി പരാമര്‍ശിച്ച്‌സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. ലീഗ് സമസ്തയുടേതാണെന്നായിരുന്നു സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാരുടെ പ്രതികരണം. മലപ്പുറത്ത് സമസ്ത സുവര്‍ണ ജൂബിലി സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.

ലീഗുമായുള്ള ബന്ധത്തെ പരോക്ഷമായി പരാമര്‍ശിച്ച സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ചു പോകുന്നത് സമസ്തയുടെ രീതിയാണെന്നും വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരിനെ എതിര്‍ക്കേണ്ട സാഹചര്യം വന്നാല്‍ എതിര്‍ക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ലീഗ് സമസ്ത ബന്ധത്തില്‍ വ്യക്തത നല്‍കുന്നതായിരുന്നു സമസ്ത ജോയിന്‍ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാരുടെ പ്രസംഗം. പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നിവരടക്കമുള്ള ലീഗ് നേതാക്കള്‍ പങ്കെടുത്ത സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനത്തിലായിരുന്നു നേതാക്കളുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!