അസമത്വം കൊല്ലുന്നു ; ഇന്ത്യയില്‍ അതിദരിദ്രരുടെ എണ്ണം 13.4 കോടിയിലെത്തിയെന്ന് ഓക്സ്ഫാം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂലനയം കോവിഡ്കാലത്ത് ഇന്ത്യയില്‍ അസമത്വവും ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമാക്കിയെന്ന് ഓക്സ്ഫാം റിപ്പോര്‍ട്ട്.
രാജ്യം കടുത്ത സാമ്ബത്തികപ്രതിസന്ധിയിലായപ്പോഴും അതിസമ്ബന്നരുടെ സ്വത്ത് ഇരട്ടിയായി. അതിദരിദ്രരുടെ എണ്ണം ഇരട്ടിയായി. ഇന്ത്യയില്‍ അതിദരിദ്രരുടെ എണ്ണം 13.4 കോടിയിലെത്തി. രാജ്യത്ത് 4.6 കോടി ആളുകള്‍കൂടി അതീവദരിദ്രരായി. 84 ശതമാനം കുടുംബങ്ങളുടെയും വരുമാനം ഇടിഞ്ഞു. കോവിഡില്‍ ആഗോളതലത്തില്‍ ദാരിദ്ര്യപട്ടികയിലേക്ക് വീണവരില്‍ പകുതിയും ഇന്ത്യക്കാരാണെന്നും ‘അസമത്വം കൊല്ലുന്നു’ എന്ന തലക്കെട്ടില്‍ ഓക്സ്ഫാം പുറത്തുവിട്ട 2020–-21 കാലയളവില്‍ വാര്‍ഷിക അസമത്വ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശതകോടീശ്വരന്മാരുടെ എണ്ണം 101ല്‍നിന്ന് 142 ആയി. ഇവരുടെ സ്വത്ത് 23.14 ലക്ഷം കോടി രൂപയില്‍നിന്ന് 53.16 ലക്ഷം കോടിയായി.
രാജ്യത്ത് വരുമാനത്തില്‍ പിന്നിലുള്ള 40 ശതമാനത്തിന്റെ ആകെ സ്വത്തിനേക്കാള്‍ (48.80 ലക്ഷം കോടി) കൂടുതലാണിത്. ശതകോടീശ്വരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നില്‍ യുഎസും ചൈനയും മാത്രമാണുള്ളത്. 2021 മേയില്‍ തൊഴിലില്ലായ്മ 15 ശതമാനംവരെയെത്തി. ദിവസകൂലിക്കാര്‍, സ്വയംതൊഴിലുകാര്‍, തൊഴിലില്ലാത്തവര്‍ എന്നീ വിഭാഗങ്ങളില്‍ ആത്മഹത്യ പെരുകി. സ്ത്രീകളുടെ വരുമാനത്തില്‍ 59.11 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. 1.3 കോടി സ്ത്രീകള്‍കൂടി തൊഴില്‍രഹിതരായി. മിനിമം കൂലി 2020ലെ 178 രൂപയെന്നത് മാറ്റമില്ലാതെ തുടര്‍ന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അദാനിക്ക് പത്തിരട്ടി വര്‍ധന
മോദിയുടെ അടുപ്പക്കാരനായ ഗൗതം അദാനിക്ക് കോവിഡ്കാലത്ത് പത്തിരട്ടിയോളം സ്വത്ത് വര്‍ധിച്ചു. ഒറ്റവര്‍ഷത്തില്‍ 42.7 ശതകോടി ഡോളര്‍ (3 ലക്ഷം കോടി) സ്വത്തുവര്‍ധന. അദാനിയുടെ ആകെ സ്വത്ത് 90 ശതകോടി ഡോളറായി (6.6 കോടി ). ഇന്ത്യന്‍ സമ്ബന്നരില്‍ ഒന്നാമനായ മുകേഷ് അംബാനിക്ക് തൊട്ടുപിന്നിലാണ് അദാനിയിപ്പോള്‍. മുകേഷ് അംബാനിയുടെ സ്വത്ത് 97 ശതകോടി ഡോളറാണ് (7.2 ലക്ഷംകോടി).
10 അതിസമ്ബന്നരുടെ സ്വത്ത് = 25 വര്‍ഷത്തെ വിദ്യാഭ്യാസ ഫണ്ട്
രാജ്യത്ത് ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ മേഖലകളിലെ സര്‍ക്കാര്‍ മുതല്‍മുടക്ക് കുത്തനെ ഇടിഞ്ഞു. കോവിഡ്കാലമായിട്ടും ആരോഗ്യ ബജറ്റ് 2020–-21 വര്‍ഷത്തില്‍ 10 ശതമാനം ഇടിഞ്ഞു.
രാജ്യത്തെ 10 അതിസമ്ബന്നരുടെ സ്വത്ത് മാത്രം ഉപയോഗിച്ച് 25 വര്‍ഷത്തേക്ക് വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ട് കണ്ടെത്താം. 10 ശതമാനം സമ്ബന്നര്ക്കുമേല് ഒരു ശതമാനം അധികനികുതി ചുമത്തിയാല്‍ 17.7 ലക്ഷം ഓക്സിജന്‍ സിലിണ്ടറുകള്‍ സമാഹരിക്കാം. ആദ്യ 98 ശതകോടീശ്വരന്മാര്ക്കുമേല് ഒരു ശതമാനം അധികനികുതി ചുമത്തിയാല്‍ കേന്ദ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഏഴുവര്‍ഷത്തേക്ക് പണം കണ്ടെത്താം. സൗജന്യ കോവിഡ് വാക്സിനേഷന് വേണ്ട അമ്ബതിനായിരം കോടി ഇങ്ങനെ കണ്ടെത്താം. 98 ശതകോടീശ്വരന്മാരുടെ ആകെ സ്വത്ത് കേന്ദ്ര ബജറ്റിന്റെ 41 ശതമാനം അധികം. 98 ശതകോടീശ്വരന്മാര്ക്ക് നാലു ശതമാനം നികുതി ചുമത്തിയാല്‍ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി 17 വര്‍ഷവും സമഗ്ര ശിക്ഷാ അഭിയാ ആറു വര്‍ഷവും നടത്താം. ആരോഗ്യവകുപ്പിനുള്ള രണ്ടു വര്‍ഷത്തെ ബജറ്റ് കണ്ടെത്താം.

