കോവിഡ് വ്യാപനം; റിപബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

കോവിഡ് രാജ്യത്ത് പിടിമുറുക്കിയ സാഹചര്യത്തില്‍ റിപബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.ഇത്തവണ ആഘോഷ പരിപാടികള്‍ക്കായി 19000 പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളു. കഴിഞ്ഞ വര്‍ഷം കോവിഡ് പകര്‍ച്ച വ്യാധിക്കിടയില്‍ നടന്ന പരേഡില്‍ ഏകദേശം 1.25 ലക്ഷം ആളുകളെ അനുവദിച്ചിരുന്നു. റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വിദേശ പ്രമുഖരാരും ഇല്ലെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വിദേശ പ്രമുഖരില്ലാതെ റിപബ്ലിക് ദിനം ആഘോഷിക്കാന്‍ പോകുന്നത്.
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡ് പതിവിലും അര മണിക്കൂര്‍ വൈകിയായിരിക്കും തുടങ്ങുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതികൂലമായ കാലാവസ്ഥയെ കണക്കിലെടുത്താണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. സാധാരണ റിപബ്ലിക് ദിനത്തില്‍ 10 മണിക്ക് തുടങ്ങാറുള്ള പരേഡ് 10.30 ന് ആയിരിക്കും ആരംഭിക്കുക. മുന്‍ റിപ്പബ്ലിക് ദിന പരേഡുകളില്‍ നിന്നുള്ള ദൃശ്യങ്ങളും സായുധ സേനയെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങളും പരേഡിന് മുന്നോടിയായി പ്രദര്‍ശിപ്പിച്ചേക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അതേസമയം ദേശീയ കേഡറ്റ് കോര്‍പ്സിന്റെ (എന്‍സിസി) രാജ്യവ്യാപകമായ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം ജനുവരി 26 ന് നടക്കും.
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിലാണ് ആഘോഷിക്കുന്നത്. ജനുവരി 26 ന് രാജ്പഥില്‍ നടക്കുന്ന പ്രധാന പരേഡിലും ജനുവരി 29 ന് നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ‘ചടങ്ങിലും’ പൊതു ജനങ്ങള്‍ക്ക് നിരവധി സംഭവങ്ങള്‍ കാണാനുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി പ്രകടനവും റിപബ്ലിക് ദിനത്തില്‍ നടക്കും. റഫാല്‍, സുഖോയ്, ജാഗ്വാര്‍, എംഐ-17, സാരംഗ്, അപ്പാച്ചെ, ഡക്കോട്ട തുടങ്ങിയ ആധുനിക വിമാനങ്ങളും പ്രദര്‍ശിപ്പിച്ചേക്കും. സുരക്ഷയെ മുന്‍നിര്‍ത്തി 300 സിസിടിവികള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.

