വോട്ടിങ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പറുകള്‍; ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ക്ക് പകരം ഇലക്‌ട്രോണിങ് വോട്ടിങ് മെഷിനുകള്‍ (ഇ.വി.എം) ഉപയോഗിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതു താത്പര്യ ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രിംകോടതി.ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജിയാണ് കോടതിക്ക് മുമ്ബിലുള്ളത്.
ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇവിഎം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 61എ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയിട്ടില്ല എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അതു കൊണ്ടു തന്നെ നിയമം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാറിന് അവകാശമില്ല എന്ന് ഹര്‍ജി സമര്‍പ്പിച്ച എംഎല്‍ ശര്‍മ്മ ചൂണ്ടിക്കാട്ടുന്നു.
യുപി, ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. ഫെബ്രുവരി പത്തു മുതല്‍ മാര്‍ച്ച് പത്തു വരെയാണ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്.
കഴിഞ്ഞ വര്‍ഷം സമാന ആവശ്യം സുപ്രിംകോടതി നിരാകരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനും ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് ഹര്‍ജി തള്ളിയിരുന്നത്. അഭിഭാഷകനായ സിആര്‍ ജയസുകിന്‍ എന്നയാളാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇവിഎം മൗലികാവകാശത്തെ ധ്വംസിക്കുന്നു എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. എന്നാല്‍ കോടതി വാദത്തെ അംഗീകരിച്ചിട്ടില്ല.

