ഉമര്‍ ഖാലിദിന് കൈയാമവും ചങ്ങലയും വേണ്ട: ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ കോടതിയില്‍ ഹാജരാക്കുമ്ബോള്‍ കൈയാമം വയ്ക്കുകയോ ചങ്ങല കൊണ്ട് ബന്ധിക്കുകയോ ചെയ്യരുതെന്ന് ഡല്‍ഹി കോടതി.ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016ല്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വളപ്പില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് ഉമര്‍ ഖാലിദിനെതിരായ കേസ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കോവിഡ് സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കല്‍ തുടരുമെന്നും അതിനുശേഷം കോടതിയില്‍ നേരിട്ടു ഹാജരാക്കുമ്ബോള്‍ കൈയാമോ ചങ്ങലയോ പാടില്ലെന്നുമാണ് കോടതി നിര്‍ദേശം.
കൈയാമം വച്ച് ഉമര്‍ ഖാലിദിനെ ഹാജരാക്കരുത് എന്ന് കോടതി ഉത്തരവിടുന്നത് രണ്ടാം തവണയാണ്. എന്നാല്‍ ഹൈ റിസ്ക് വിഭാഗത്തില്‍ പെടുന്ന ജയില്‍പ്പുള്ളിയാണ് എന്ന് ചൂണ്ടിക്കാട്ടി വിധിക്കെതിരെ ഡല്‍ഹി പൊലീസ് അപ്പീല്‍ പോകുകയായിരുന്നു

