ലൈംഗികാതിക്രമത്തിനായി ക്വട്ടേഷൻ ആദ്യ സംഭവം; സൂത്രധാരൻ ദിലീപ് – ക്രൈംബ്രാഞ്ച്

കൊച്ചി:ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷൻ നൽകുന്നത് ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്ന ശേഷം നടക്കുന്ന ആദ്യ സംഭവമായിരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇത്തരമൊരു കുറ്റകൃത്യത്തിലെ മുഖ്യ സൂത്രധാരൻ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താനായി ഗൂഢാലോചന നടത്തിയതും സംസ്ഥാനത്ത് ആദ്യമാണ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ എല്ലാ വസ്തുതകളും കണ്ടെത്താനാകൂ. നിർണായക തെളിവുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. അതിനാൽ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രൻ ഫയൽ ചെയ്ത വിശദീകരണത്തിൽ പറയുന്നു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ വഴിയാണ് വിശദീകരണം നൽകിയത്.
യുവ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് അടക്കമുള്ള ആറു പ്രതികളുടെ ജാമ്യ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് വെള്ളിയാഴ്ച ജാമ്യ ഹർജികൾ പരിഗണിക്കും.
നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും ദിലീപ് ആദ്യംമുതൽ നടത്തുന്നുണ്ടെന്ന് വിശദീകരണത്തിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരൻ ദിലീപായിരുന്നു. നിയമ നടപടികൾ തടസ്സപ്പെടുത്താൻ ഒാരോ ഘട്ടത്തിലും ശ്രമിച്ച ദിലീപ് ഇപ്പോൾ പ്രോസിക്യൂഷനെതിരേ ആരോപണം ഉന്നയിക്കുകയാണ്. സ്പെഷ്യൽ പ്രോസിക്യൂട്ടർമാരുടെ രാജിയിലേക്കു നയിച്ച സംഭവങ്ങൾക്കും ദിലീപിന് പങ്കുണ്ട്.
ഗൂഢാലോചനക്കേസിൽ തെളിവുകൾ ലഭിക്കുക ക്ലേശകരമാണ്. ഇവിടെ സംഭവത്തിന് സാക്ഷിയായ ഒരാൾ മൊഴി നൽകാൻ മുന്നോട്ടു വന്നു. പ്രതികൾ നടത്തുന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാർ കൈമാറിയ ഓഡിയോ ക്ലിപ്പ് പ്രതികളുടെ ശബ്ദ സാമ്പിളുകളോടൊപ്പം പരിശോധനയ്ക്ക് അയയ്ക്കണം. ഇതിനായി പ്രതികളുടെ ശബ്ദ സാമ്പിൾ എടുക്കണം.
ജനുവരി 13-ന് ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീട്ടിൽ നടത്തിയ പരിശോധനയിൽ ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ അടക്കം 19 സാധനങ്ങൾ പിടിച്ചെടുത്തു. ഇവയുടെ ഫോറൻസിക് പരിശോധനയിലൂടെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കണം. സത്യം കണ്ടെത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്.
ഗൂഢാലോചനയെ തുടർന്നുള്ള നീക്കങ്ങൾ എന്തെല്ലാമായിരുന്നു എന്നും ഇപ്പോഴും അത്തരമൊരു ലക്ഷ്യം ഉണ്ടോ എന്നതുമൊക്കെ കണ്ടെത്തണം. മുൻകൂർ ജാമ്യം നൽകിയാൽ സ്വതന്ത്രമായ അന്വേഷണം തടസ്സപ്പെടും. പ്രതികൾ ഏറെ സ്വാധീനമുള്ളവർ ആയതിനാൽ അന്വേഷണത്തിൽ ഇടപെടാനാകും. ഇതുവരെ ലഭിച്ച തെളിവുകൾ അപകടരമായ കാര്യങ്ങളാണ് നടന്നതെന്ന് വ്യക്തമാക്കുന്നതാണെന്നും വിശദീകരണത്തിൽ പറയുന്നു

