ജാര്‍ഖണ്ഡില്‍ നാളെ മുതല്‍ പെട്രോളിന് 25 രൂപ കുറയും; ഗുണഭോക്താക്കള്‍ ഇവ

റാഞ്ചി: ജാർഖണ്ഡ് സർക്കാർ പ്രഖ്യാപിച്ച പെട്രോളിന് 25 രൂപ സബ്സിഡി നൽകുന്ന പദ്ധതിക്കായി മുഖ്യമന്ത്രി ഹേമന്ത് സോറൻ ആപ്പ് പുറത്തിറക്കി. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയിലോ ജാർഖണ്ഡ് ഭക്ഷ്യ സുരക്ഷാ പദ്ധതിയിലോ ഉൾപ്പെട്ട റേഷൻ കാർഡുള്ളവർക്കാകും സബ്സിഡി ലഭിക്കുക. റിപ്പബ്ലിക് ദിനമായ ബുധനാഴ്ച മുതൽ പദ്ധതി പ്രാബല്യത്തിൽവരും.
സിഎംസപ്പോർട്ട് എന്ന പേരിലാണ് ഇതിനായി ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. പദ്ധതി പ്രകാരം, ഇരുചക്രവാഹനങ്ങൾ കൈവശമുള്ള സംസ്ഥാനത്തെ പിങ്ക്, ഗ്രീൻ റേഷൻ കാർഡുടമകൾക്ക് ഒരു മാസത്തിൽ പരമാവധി 10 ലിറ്റർ പെട്രോൾ 25 രൂപ സബ്സിഡിയിൽ ലഭിക്കും.
അധികാരത്തിലെത്തി രണ്ടു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഡിസംബർ 29-നാണ് ഹേമന്ത് സോറൻ പെട്രോൾ സബ്സിഡി പദ്ധതി പ്രഖ്യാപിച്ചത്. പിങ്ക്, ഗ്രീൻ റേഷൻ കാർഡ് ഉടമകൾക്ക് ഈ ആപ്പ് വഴിയോ jsfss.jharkhand.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തോ സൗകര്യം പ്രയോജനപ്പെടുത്താം.
അപേക്ഷകൻ തന്റെ റേഷൻ കാർഡും ആധാർ നമ്പറും നൽകേണ്ടതുണ്ട്, അതിനുശേഷം ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും. അപേക്ഷകന്റെ റേഷൻ കാർഡ് നമ്പർ ലോഗിൻ ആയിരിക്കും, ഗൃഹനാഥന്റെ ആധാർ നമ്പറിന്റെ അവസാന എട്ട് അക്കങ്ങൾ പാസ്വേഡ് ആയിരിക്കും. ഒടിപി വെരിഫിക്കേഷന് ശേഷം വാഹനത്തിന്റെ നമ്പറും ലൈസൻസ് ഐഡിയും രേഖപ്പെടുത്തേണ്ടതുണ്ട്. ജാർഖണ്ഡിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മാത്രമേ സബ്സിഡി ലഭിക്കുകയുള്ളൂ. ബാങ്ക് അക്കൗണ്ട് നമ്പറും രജിസ്ട്രേഷനിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. സബ്സിഡി തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കാകും എത്തുക.
ജാർഖണ്ഡ് ഭക്ഷ്യ വിതരണ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ 2021-22 സാമ്പത്തിക വർഷത്തിൽ 20 ലക്ഷം കുടുംബങ്ങൾക്ക് പെട്രോളിന് സബ്സിഡി നൽകേണ്ടി വരുമെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഈ സാമ്പത്തിക വർഷം 20 ലക്ഷം കുടുംബങ്ങൾ സബ്സിഡി നൽകിയാൽ സർക്കാർ ഖജനാവിൽ പ്രതിമാസം 50 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

