കനയ്യ കുമാറിന് നേര്‍ക്ക് മഷിയെറിഞ്ഞതായി ആരോപണം; എറിഞ്ഞത് ആസിഡെന്ന് നേതാക്കള്‍

ലഖ്നൗ: ചൊവ്വാഴ്ച ലഖ്നൗവിലെ കോൺഗ്രസ് ഓഫീസിൽ വെച്ച് മുൻ ജെഎൻയു വിദ്യാർത്ഥിയും കോൺഗ്രസ് നേതാവുമായ കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞതായി ആരോപണം. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിനു വേണ്ടിയാണ് കനയ്യ കുമാർ ലഖ്നൗവിലെത്തിയത്. എന്നാൽ കനയ്യ കുമാറിന് നേരെ എറിഞ്ഞത് മഷിയല്ലെന്നും ഒരുതരം ആസിഡാണെന്നും കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു.
‘അക്രമികൾ കനയ്യ കുമാറിന് നേരെ ആസിഡ് എറിയാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എന്നിരുന്നാലും, കുറച്ച് തുള്ളികൾ സമീപത്ത് നിന്ന 3-4 യുവാക്കളുടെ മേൽ വീണു,’ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി പ്രവർത്തകർ അക്രമിയെ പിടികൂടിയെങ്കിലും ഇയാളെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലഖ്നൗവിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ട് തേടി വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തുന്നതിനാണ് കനയ്യ കുമാർ എത്തിയത്.
പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്ന് കനയ്യ കുമാർ പറഞ്ഞു.
‘ഹത്രാസ്, ഉന്നാവ്, ലഖിംപൂർ ഖേരി സംഭവങ്ങൾ നടന്നത് മുതൽ, നീതി തേടി കോൺഗ്രസ് തെരുവിലാണ്, രാജ്യം കെട്ടിപ്പടുക്കാത്തവർ രാജ്യത്തെ വിൽക്കുകയാണ്, കോൺഗ്രസ് ഇന്ത്യയെ കെട്ടിപ്പടുത്തു, അതിനാൽ തന്നെ കോൺഗ്രസ് ഇത്തരക്കാരിൽ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ്’ കനയ്യ കുമാർ പറഞ്ഞു.
2018ൽ ഗ്വാളിയോറിൽ വെച്ച് ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിക്കും കുമാറിനും നേരെ ഒരാൾ മഷി എറിഞ്ഞിരുന്നു. തങ്ങളുടെ ‘സംവിധാൻ ബച്ചാവോ’ പ്രതിഷേധത്തിന്റെ ഭാഗമായി ചേംബർ ഓഫ് കൊമേഴ്സ് ഭവനിൽ നടന്ന സെമിനാറിനെ അഭിസംബോധന ചെയ്യാൻ ഗ്വാളിയോറിൽ എത്തിയതായിരുന്നു ഇരുവരും.
സെമിനാറിനെ അഭിസംബോധന ചെയ്യാൻ പോകുമ്പോൾ ഹിന്ദു സേനയുടെ മുകേഷ് പാൽ ഇരുവർക്കും നേരെ മഷി എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു.

