KSDLIVENEWS

Real news for everyone

ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ്; ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് എത്താം, സി കാറ്റഗറിയില്‍ ഒരു ജില്ല മാത്രം

SHARE THIS ON

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടരാൻ തീരുമാനം. എന്നാൽ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്കായി 20 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരുടെ ആവശ്യത്തെ തുടർന്നാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട ‘സി’ കാറ്റഗറിയിൽ ഈ ആഴ്ച കൊല്ലം ജില്ല മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ബി കാറ്റഗറിയിൽ 10 ജില്ലകളുണ്ട്. എ കാറ്റഗറിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഉൾപ്പെട്ടിട്ടുള്ളത്. കാസർകോട് ജില്ല ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്.


നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതി. രോഗലക്ഷണമുള്ളവർക്ക് മാത്രമേ സമ്പർക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികർ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആർ.ടി.പി.സി.ആർ. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിർദ്ദേശം യോഗം അംഗീകരിക്കുകയായിരുന്നു. എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്.

എല്ലാ ആരാധനാലയങ്ങളിലും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തിൽ ഏകീകൃത നില സ്വീകരിക്കും. പരമാവധി 20 പേരെ അനുവദിക്കും. നിയന്ത്രണങ്ങളുള്ള ഫെബ്രുവരി ആറിന് ഞായറാഴ്ചയിലും ഇത് ബാധകമാണ്. ആറ്റുകാൽ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും. ഈ വർഷവും പൊങ്കാലയിടുന്നത് വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം.

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ, ക്രഷുകൾ, കിൻഡർ ഗാർട്ടനുകൾ തുടങ്ങിയവ ഫെബ്രുവരി 14 മുതൽ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കും. പരീക്ഷകൾ മുടക്കമില്ലാതെ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!