KSDLIVENEWS

Real news for everyone

527 മരണങ്ങൾ ഇരട്ടിപ്പെന്ന് ആരോഗ്യസെക്രട്ടറി; അഞ്ച്‌ ഡി.എം.ഒ. മാർക്ക് നോട്ടീസ്

SHARE THIS ON


തിരുവനന്തപുരം:കോവിഡ് മരണക്കണക്കിൽ സംഭവിച്ച പിഴവിൽ അഞ്ചു ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യ സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസ്. മരണക്കണക്കുകൾ മറച്ചുവെക്കുന്നുവെന്ന ആരോപണങ്ങളെത്തുടർന്ന് 2020 ജനുവരി 30-നും 2021 ജൂൺ 18-നും ഇടയിലുള്ള കണക്കുകളിൽ നടത്തിയ സൂക്ഷ്മപരിശോധനയിൽ ഉണ്ടായ പിഴവാണ് സെക്രട്ടറിയും ജില്ലാമെഡിക്കൽ ഓഫീസർമാരും തമ്മിലുള്ള പോരിലേക്ക് നീളുന്നത്.

സൂക്ഷ്മപരിശോധനയ്ക്കുശേഷം 7023 കോവിഡ് മരണങ്ങൾ പട്ടികയിൽ ചേർക്കാനുണ്ടെന്നായിരുന്നു ആരോഗ്യവകുപ്പ് ഡയറക്ടർ, സെക്രട്ടറിയെ അറിയിച്ചത്. പരിശോധനയ്ക്കുശേഷം ജില്ലാ മെഡിക്കൽ ഓഫീസർമാർ അപ് ലോഡ് ചെയ്തതാകട്ടെ 8500-ൽ അധികം മരണങ്ങളും. ഇതിൽ 3779 എണ്ണത്തിൽ നടത്തിയ സൂക്ഷ്മ പരിശോധനയിൽ 527 മരണങ്ങൾ ഇരട്ടിപ്പാണെന്ന് കണ്ടെത്തിയെന്നാണ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഡയറക്ടറെ അറിയിച്ചിട്ടുള്ളത്.


ഏറ്റവും കൂടുതൽ തെറ്റുവരുത്തിയിട്ടുള്ള എറണാകുളം, കോഴിക്കോട്, തൃശ്ശൂർ, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർമാരാണെന്നും കണ്ടെത്തി. ഇവർക്കാണ് സെക്രട്ടറി നേരിട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മരണക്കണക്കിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മരണസ്ഥിരീകരണം സംബന്ധിച്ച് സർക്കാർ വ്യക്തത നൽകിയതോടെയാണ് കൂട്ടത്തോടെ കോവിഡ് മരണങ്ങൾ റിപ്പോർട്ടുചെയ്യാൻ തുടങ്ങിയത്. കണക്ക് മറച്ചുെവക്കുന്നുവെന്ന ആരോപണങ്ങളെത്തുടർന്ന് ഇതിനായി സോഫ്റ്റ്വേറും ആരോഗ്യവകുപ്പ് സജ്ജമാക്കിയിരുന്നു. ഡേറ്റാ എൻട്രിയിലുണ്ടായ പിഴവുകാരണം ആവർത്തനം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിന് മുതിർന്ന ഡോക്ടർമാരെ സർക്കാർ ബലിയാടാക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം, പട്ടികയിൽ ഇരട്ടിപ്പുണ്ടാകാൻ സാധ്യതയില്ലെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസുകളിലെ ജീവനക്കാർ നൽകുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!