KSDLIVENEWS

Real news for everyone

ജോര്‍ജ് ഓര്‍ട്ടിസിന് ഹാട്രിക്ക്; ചെന്നൈയിനെതിരേ തകര്‍പ്പന്‍ ജയവുമായി ഗോവ

SHARE THIS ON

മഡ്ഗാവ്: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിക്കെതിരേ തകർപ്പൻ ജയവുമായി എഫ്സി ഗോവ. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഗോവ, ചെന്നൈയിനെ തകർത്തുവിട്ടത്.


ഹാട്രിക്ക് നേടിയ ജോർജ് ഓർട്ടിസിന്റെ മികവാണ് ഗോവയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. ആറാം മിനിറ്റിൽ തന്നെ മഖൻ ചോത്തെയിലൂടെ ഗോവ മുന്നിലെത്തി. ഐബാൻ ഡോഹ്ലിങ്ങിന്റെ പാസ് ഉഗ്രനൊരു വോളിയിലൂടെ ചോത്തെ വലയിലെത്തിക്കുകയായിരുന്നു.

20-ാം മിനിറ്റിൽ ജോർജ് ഓർട്ടിസ് മത്സരത്തിലെ തന്റെ ആദ്യ ഗോൾ നേടി. പിന്നാലെ 40-ാം മിനിറ്റിൽ ഓർട്ടിസ് ഗോവയുടെ ലീഡ് മൂന്നാക്കി ഉയർത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇവാൻ ഗോൺസാലസിന്റെ ശ്രമം ചെന്നൈയിൻ ഡിഫൻഡർ നാരായൺ ദാസിന്റെ സെൽഫ് ഗോളിൽ കലാശിച്ചു. ഇതോടെ ആദ്യ പകുതിയിൽ തന്നെ ഗോവ എതിരില്ലാത്ത നാലു ഗോളിന് മുന്നിലെത്തി.

രണ്ടാം പകുതിയിലും ഗോവ ആധിപത്യം പുലർത്തി. 53-ാം മിനിറ്റിൽ ഐബാൻ ഡോഹ്ലിങ്ങിന്റെ പാസിൽ നിന്ന് ഓർട്ടിസ് ഹാട്രിക്കും ഗോവയുടെ അഞ്ചാം ഗോളും സ്വന്തമാക്കി.

ജയിച്ചെങ്കിലും 16 മത്സരങ്ങളിൽ നിന്ന് 18 പോയന്റുമായി ഗോവ ഒമ്പതാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 19 പോയന്റുള്ള ചെന്നൈയിൻ എട്ടാം സ്ഥാനത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!