സംസ്ഥാന വ്യാപകമായി ഇന്ന് കടകള്‍ അടച്ചിടും: വ്യാപാരി വ്യവസായി ഏകോപന സമിതി

ടി നസറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് കടകള്‍ അടച്ചിടുക.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റായിരുന്ന ടി നസറുദ്ദീന്‍ ഇന്നലെയാണ് അന്തരിച്ചത്. 78 വയസായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണംപറമ്ബ് ഖബര്‍സ്ഥാനില്‍ നടക്കും.
വ്യാപാരി വ്യവസായി ഏകോപന സമിതി- ജീവനും ജീവിതവുമെല്ലാം ഈ സംഘടന മാത്രമായിരുന്നു ടി നസറുദ്ദീന്. 1944 ഡിസംബര്‍ 25ന് കോഴിക്കോട് ടി കെ മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനനം. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹൈസ്കൂളിലെ പഠന കാലത്തിനു ശേഷം മിഠായിതെരുവിലെ കൊച്ചു കടമുറിയില്‍ തുടങ്ങിയതാണ് കച്ചവടം. 1980ല്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറിയായി സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. നാലു വര്‍ഷത്തിനു ശേഷം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ പ്രസിഡന്റ്, പിന്നെ സംസ്ഥാന ജനറല്‍ സെക്രട്ടറി.
1991 മുതല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് മറ്റൊരു പ്രസിഡന്റുണ്ടായിട്ടില്ല. വ്യാപാരികള്‍ക്കിടയില്‍ അത്രയേറെ ജനകീയനായിരുന്നു ടി നസറുദ്ദീന്‍. കുത്തക ബ്രാന്‍റുകളുടെ വ്യാപാരി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാട് ശ്രദ്ധയാകര്‍ഷിച്ചു. ഇടക്കാലത്ത് സംഘടനയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനും ശ്രമം നടത്തി. കോവിഡ് കാലത്ത് വ്യാപാരികളുടെ ദുരിതമുയര്‍ത്തി സര്‍ക്കാരുമായി ഏറ്റുമുട്ടി. അതിജീവന പോരാട്ടങ്ങളുടെ സമര വേദികളിലായിരുന്നു നസറുദ്ദീന്‍ അവസാന നാളുകളില്‍.

