KSDLIVENEWS

Real news for everyone

രാജ്യസഭാ സീറ്റ് വിഭജനം; ഇടതുമുന്നണി യോഗം ഇന്ന്

SHARE THIS ON

രാജ്യസഭാ സീറ്റ് വിഭജനത്തിനായി ഇടതുമുന്നണി യോഗം ഇന്ന് ചേരും. ജയം ഉറപ്പുള്ള രണ്ടില്‍ ഒരു സീറ്റില്‍ സി.പി.എം മത്സരിക്കും. രണ്ടാമത്തെ സീറ്റും എറ്റെടുക്കാന്‍ സി.പി.എം ശ്രമിക്കുന്നുണ്ട്. ശേഷിക്കുന്ന സീറ്റില്‍ എല്‍.ജെ.ഡിയും സി.പി.ഐയും അവകാശവാദം ഉന്നയിക്കുന്നുണ്ട്.

സി.പി.എമ്മിന്‍്റെ കെ. സോമപ്രസാദിനും എല്‍.ജെ.ഡിയുടെ എം.വി ശ്രേയാംസ്കുമാറിനുമാണ് ഇടതുമുന്നണി പകരക്കാരെ തേടുന്നത്. ഒരു സീറ്റില്‍ സി.പി.എം മത്സരിക്കുമെന്ന് ഉറപ്പാണ്. രാജ്യസഭയില്‍ പാര്‍ട്ടിയുടെ അംഗബലം കുറയുന്നതിനാല്‍ രണ്ടു സീറ്റിലും മത്സരിക്കണമെന്ന നിലപാടിലാണ് പാര്‍ട്ടി. രണ്ടു സീറ്റും ഏറ്റെടുത്ത് ഒന്നില്‍ മുതിര്‍ന്ന നേതാവിനെയും മറ്റേതില്‍ യുവനേതാവിനെയും രാജ്യസഭയിലേക്കയക്കാനാണ് ആലോചന.

പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയായതിനാല്‍ ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ എ.എ റഹീമിനാണ് പ്രഥമ പരിഗണനയെന്നാണ് സൂചന. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍്റ് വി.പി സാനു, സംസ്ഥാന സമിതി അംഗം ചിന്താ ജെറോം എന്നിവര്‍ക്കും സാധ്യതയുണ്ട്. മുതിര്‍ന്ന നേതാക്കളെ പരിഗണിച്ചാല്‍ എ.വിജയരാഘവന്‍, ടി.എം തോമസ് ഐസക്, കെ.കെ ശൈലജ, സി.എസ്.സുജാത എന്നിവരിലൊരാള്‍ക്ക് വഴി തുറക്കും. ചലച്ചിത്ര താരം മമ്മൂട്ടിയുടെ പേരും ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു.

സിറ്റിംഗ് സീറ്റില്‍ ശക്തമായ അവകാശവാദമുണ്ടെങ്കിലും ഒരു എം.എല്‍.എ മാത്രമുള്ള എല്‍.ജെ.ഡിക്ക് സീറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ്. ഒരു സീറ്റ് മതിയെന്ന തീരുമാനത്തില്‍ സി.പി.എം എത്തിയാല്‍ രണ്ടാമത്തെ സീറ്റ് സി.പി.ഐക്കു ലഭിക്കും.

അതേസമയം, ഐ.ടി മേഖലയില്‍ ബാറുകള്‍ക്കു പുറമേ പബുകള്‍ക്കും അനുമതി നല്‍കുന്ന മദ്യനയത്തിനും മുന്നണി യോഗം അംഗീകാരം നല്‍കും. അടുത്ത മന്ത്രിസഭാ യോഗത്തിന്‍്റെ അനുമതിക്കു ശേഷമാകും മദ്യനയം പ്രഖ്യാപിക്കുക. ബസ് ചാര്‍ജ് വര്‍ധനയും മുന്നണി ചര്‍ച്ച ചെയ്യും. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗവും ഇന്നു ചേരുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!