KSDLIVENEWS

Real news for everyone

ഹിജാബ് നിരോധനം; കേരളത്തിലെ രണ്ട് വിധികള്‍ പരാമര്‍ശിച്ച്‌ കര്‍ണാടക ഹൈക്കോടതി

SHARE THIS ON

കൊച്ചി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹര്‍ജികള്‍ തള്ളിക്കൊണ്ടുള്ള വിധിയില്‍ കേരള ഹൈക്കോടതിയുടെ മുന്‍പുള്ള രണ്ട് വിധികളെ കുറിച്ചും പരാമര്‍ശം.

ഓള്‍ ഇന്ത്യ പ്രീ-മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട് 2016 ലെ വിധിയും. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളിലെ യൂണിഫോം രീതിക്ക് വിപരീതമായി മുസ്ലീം വിശ്വാസ പ്രകാരമുള്ള വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വിധിയുമാണ് പരാമര്‍ശിക്കപ്പെടുന്നത്. 2016, 2018 വര്‍ഷങ്ങളില്‍ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെതാണ് വിധികള്‍.

ഇതില്‍, ഓള്‍ ഇന്ത്യ പ്രീ-മെഡിക്കല്‍ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജയില്‍ പരീക്ഷാ ഹാളില്‍ കയ്യും തലയും മറയ്ക്കുന്ന വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉപാധികളോട് അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വിധിയില്‍ പ്രവേശന പരീക്ഷ എന്നത് സ്‌കൂളിലെ ക്ലാസുകള്‍ പോലെ ദിനം പ്രതി നടക്കുന്ന ഒന്നല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം തലയും, കയ്യുകളും മറയ്ക്കുന്ന വസ്ത്രം ധരിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുന്‍പ് പരിശോധനയ്ക്ക് ഹാജറാവണം എന്നും വ്യക്തമാക്കുന്നു. ഇക്കാര്യം ഇന്‍വിജിലേറ്ററുടെ വിവേചനാധികാരമാണെന്നും വിധി ചൂണ്ടിക്കാട്ടുന്നു.

രണ്ടാമത്തെ വിധിയില്‍, യൂണിഫോം സംബന്ധിച്ച സ്ഥാപനത്തിന്റെ തീരുമാനത്തെ അംഗീകരിക്കുകയുമാണ് ചെയ്യുന്നത്. സ്ഥാപനത്തിന്റെ വിശാലമായ അവകാശങ്ങളെ വ്യക്തി സ്വാതന്ത്ര്യം പരിഗണിച്ച്‌ പ്രതിരോധിക്കാനാവില്ലെന്നും വിധി ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ സ്ഥാപനത്തോട് കോടതിക്ക് നിര്‍ദേശങ്ങള്‍ നല്‍കാവില്ലെന്നും വിധി ചൂണ്ടിക്കാട്ടുന്നു.

സമാനമായ പരാമര്‍ശങ്ങളാണ് ഹിജാബ് നിരോധനം അംഗീകരിച്ച്‌ കൊണ്ടുള്ള വിധിയില്‍ യൂണിഫോം നിര്‍ദ്ദേശിക്കുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് കോടതി നിരീക്ഷിക്കുന്നത്. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് രാജ്യം ഉറ്റു നോക്കുന്ന ഹിജാബ് വിഷയത്തില്‍ വിധി പറഞ്ഞത്.

ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.11 ദിവസമാണ് കേസില്‍ കോടതി വാദം കേട്ടത്. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നായികുന്നു കര്‍ണാടക സര്‍ക്കാര്‍ നിലപാട്. ഭരണഘടനയുടെ 25 ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്ന വാദവും സര്‍ക്കാര്‍ ഉന്നയിക്കുന്നു.

ഹിജാബ് വിഷയത്തില്‍ ഇടനിലക്കാരെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിധി വരുംവരെ ക്ലാസ് മുറികളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസത്രങ്ങള്‍ ധരിക്കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!