24 മണിക്കൂറിനിടെ രണ്ട് ബലാത്സംഗക്കേസിലെ പ്രതികളെ വെടിവച്ച് കൊന്ന് അസം പോലീസ്

ഗുവാഹത്തി: 24 മണിക്കൂറിനിടെ രണ്ട് ബലാത്സംഗക്കേസിലെ (Rape Case) പ്രതികളെ വെടിവച്ച് കൊന്ന് അസം പൊലീസ് (Assam Police). ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ബുധനാഴ്ച അസം പൊലീസ് വെടിവച്ച് കൊന്നു. മജ്ബത്തില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി രാജേഷ് മുണ്ട (38) കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രതിയെ രക്ഷിക്കാനായില്ലെന്നും പൊലീസ് വ്യക്തമാക്കി. ഉദല്‍ഗുരി ജില്ലയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്.
”ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മാര്‍ച്ച് 10ന് ഞങ്ങള്‍ കേസെടുത്തിരുന്നു. ഞങ്ങളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയായ രാജേഷ് മുണ്ടയെ ചൊവ്വാഴ്ച ബൈഹാത ചാരിയാലിയിലെ ഒരു ഫാക്ടറിയില്‍ നിന്ന് പിടികൂടി,” ഉദല്‍ഗുരിയിലെ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ബിദ്യുത് ദാസ് ബോറോ പറഞ്ഞു.
”ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടുന്നത് തടയാന്‍ പൊലീസ് സംഘം വെടിയുതിര്‍ത്തു, അതില്‍ പ്രതിക്ക് പരിക്കേറ്റു. പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെവച്ച് അയാള്‍ മരിച്ചതായി സ്ഥിരീകരിച്ചു” – അഡീഷണല്‍ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഇത്തരത്തില്‍ രണ്ടാം തവണയാണ് ബലാത്സംഗക്കേസ് പ്രതി മരിക്കുന്നത്. ചൊവ്വാഴ്ച രാത്രി, പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ബിക്കി അലി ഗുവാഹത്തി പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.
പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ബിക്കിയും നാല് സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. ആദ്യം പ്രതി പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കും എന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. ഇതോടെ പെണ്‍കുട്ടി സംഭവം വീട്ടില്‍ പറയുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
അസമിലെ പൊലീസ് ഏറ്റുമുട്ടലുകള്‍
ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ അസമില്‍ നിരവധി ഏറ്റുമുട്ടല്‍ കൊലകള്‍ അരങ്ങേറിയിരുന്നു. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടി വേണം. കസ്റ്റഡിയില്‍ നിന്ന് ഓടിപ്പോകാനോ പോലീസുകാരെ ആക്രമിക്കാനോ ശ്രമിച്ചാല്‍ അവരുടെ കാല് മുട്ടിന് താഴെ വെടിവയ്ക്കണം എന്നീ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2021 മെയ് മുതല്‍ സംസ്ഥാനത്ത് 80 ‘വ്യാജ ഏറ്റുമുട്ടലുകള്‍’ നടന്നിട്ടുണ്ടെന്നും 28 പേര് മരിക്കുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അഭിഭാഷകന് ആരിഫ് ജ്വാദര്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഹര്‍ജിക്ക് മറുപടിയായി കഴിഞ്ഞ മാസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, എല്ലാ ഏറ്റുമുട്ടലുകളിലും ആവശ്യമായ എല്ലാ നിയമ നടപടികളും ദേശീയ മനുഷ്യാവകാശ കമ്മീഷന് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചതായി അസം സര്‍ക്കാര്‍ വ്യക്തമാക്കി. 2021 മെയ് 10 നും ഈ വര്‍ഷം ജനുവരി 28 നും ഇടയില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 28 പേര് കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കോടതിയെ സര്‍ക്കാര്‍ അറിയിച്ചത്.

