ഡല്‍ഹി-ദോഹ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. കാര്‍ഗോ ഹോള്‍ഡില്‍ പുക കണ്ടതിനെ തുടര്‍ന്നാണ് അടിയന്തരമായി ലാന്‍ഡിങ് നടത്തിയതെന്ന് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. ക്യുആര്‍579 വിമാനത്തില്‍ 100 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രാക്കാര്‍ക്കായി മറ്റൊരു വിമാനസര്‍വീസ് ഒരുക്കുമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാര്‍ക്ക് ദോഹയിലേക്ക് മറ്റൊരു സര്‍വീസ് ഒരുക്കിയിട്ടുണ്ടെന്നും ഖത്തര്‍ എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.
തിങ്കളാഴ്‌ച പുലര്‍ച്ചെ 3.50നാണ് ഡല്‍ഹിയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്‌തത്. പുലര്‍ച്ചെ 5.30ന് വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. യാത്രക്കാരില്‍ പലര്‍ക്കും ദോഹയില്‍ നിന്ന് കണക്‌ടിങ് സര്‍വീസുകളാണ് ഉള്ളതെന്നും കറാച്ചിയില്‍ നിന്ന് എപ്പോള്‍ ടേക്ക് ഓഫ് ചെയ്യും എന്നത് സംബന്ധിച്ച് വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും യാത്രക്കാരന്‍ രമേശ് രാലിയ പറഞ്ഞിരുന്നു.

