KSDLIVENEWS

Real news for everyone

മരിയുപോളിൽ 1000ൽ അധികം മറീനുകൾ കീഴടങ്ങിയെന്ന് റഷ്യ; അറിയില്ലെന്ന് യുക്രെയ്ൻ

SHARE THIS ON

കീവ്∙ 1000ൽ അധികം യുക്രെയൻ മറീനുകൾ മരിയുപോൾ തുറമുഖത്ത് കീഴടങ്ങിയതായി അവകാശപ്പെട്ട് റഷ്യ. മരിയുപോൾ പിടിച്ചെടുക്കാനുള്ള റഷ്യയുടെ ആക്രമണം കടുക്കവെയാണ് ഈ അവകാശവാദം പുറത്തുവരുന്നത്. അസോവ്സ്റ്റൽ ഇൻഡസ്ട്രിയൽ ജില്ല റഷ്യ കൈവശപ്പെടുത്തിയാൽ മരിയുപോളിന്റെ നിയന്ത്രണം അവരുടെ കൈവശമാകും. മറീനുകൾ ഇവിടെയാണ് തമ്പടിച്ചിരിക്കുന്നത്.

മരിയുപോൾ കൈവശപ്പെടുത്തിയാൽ വിഘടനവാദികൾ കൈവശംവച്ചിരിക്കുന്ന കിഴക്കൻ മേഖലയിലേക്കും നേരത്തേ പിടിച്ചെടുത്ത ക്രൈമിയ മേഖലയിലേക്കും റഷ്യയിൽനിന്ന് ഒരു ഇടനാഴി കിട്ടും. റഷ്യയുടെ അവകാശവാദം ശരിയാണെങ്കിൽ ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധത്തിൽ ആദ്യമായി വീഴുന്ന യുക്രെയ്ൻ പ്രദേശമെന്നത് മരിയുപോൾ ആയിരിക്കും.

1026 യുക്രെയ്ൻ മറീനുകൾ ആണ് കീഴടങ്ങിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നു. ഇതിൽ 162 ഓഫിസർമാരും ഉൾപ്പെടും. റഷ്യൻ സേനയും ഡൊനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്ക് വിമതസേനയും ചേർന്നാണ് ആക്രമണം നടത്തുന്നത്. 36ാം മറീൻ ബ്രിഗേഡുകൾ സ്വയം ആയുധങ്ങൾ വച്ചു കീഴടങ്ങുകയായിരുന്നുവെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതേസമയം, കീഴടങ്ങലിനെക്കുറിച്ച് അറിയില്ലെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ആക്രമണം കടുപ്പിക്കാൻ റഷ്യ കുടൂതൽ സേനയെ മരിയുപോളിലേക്കു വിന്യസിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു. നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന പതിനായിരങ്ങൾക്ക് സഹായമെത്തിക്കാനുള്ള വാഹനങ്ങൾ റഷ്യ തടയുകയാണെന്നും യുക്രെയ്ൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!