ശ്രീലങ്കയില്‍ കലാപസമാന സാഹചര്യം; സംഘർഷത്തിനിടെ ഭരണകക്ഷി എംപി മരിച്ചു

കൊളംബോ: സര്‍ക്കാരിനെതിരെ അരങ്ങേറിയ പ്രക്ഷോഭളെ തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചതിനു പിന്നാലെ ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. കലാപത്തിനിടെ ഭരണകക്ഷിയുടെ പാര്‍ലമെന്റംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തി. എംപിയായ അമരകീര്‍ത്തി അത്തുകോറളയാണ് സംഘര്‍ഷത്തിനിടെ മരിച്ചത്.
നിത്തംബുവയില്‍ തന്റെ കാര്‍ തടഞ്ഞ പ്രക്ഷോഭകര്‍ക്ക് നേരെ അമരകീര്‍ത്തി നിറയൊഴിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത കെട്ടിടത്തില്‍ അഭയം തേടിയ അമരകീര്‍ത്തിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ജനജീവിതം ദുസ്സഹമായതോടെ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ തെരുവുകളിലേക്കിറങ്ങിയിരുന്നു. രാജി വെക്കാന്‍ നിര്‍ബന്ധിതനായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാജപക്സെ സ്ഥാനമൊഴിയുകയും ചെയ്തു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഓഫീസിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചുകയറുകയും സംഘര്‍ഷക്കാരും രാജപക്സെ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു

