സൌജന്യഭക്ഷണത്തിനായി തിക്കി തിരക്കി അധ്യാപകര്‍, സംഭവം വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചയ്ക്കിടെ

ദില്ലി: സൌജന്യമായി ലഭിക്കുന്ന ഭക്ഷണത്തിന് വേണ്ടി അടി കൂടുന്ന അധ്യാപകരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പഞ്ചാബിലെ ഒരു റിസോര്‍ട്ടില്‍ സ്കൂള്‍ അധ്യാപകരും പ്രിന്‍സിപ്പല്‍മാരും മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം വിതരണം ചെയ്ത സൌജന്യ ഭക്ഷണത്തിനായാണ് അധ്യാപകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
ഉച്ചഭക്ഷണം കഴിക്കാന്‍ പ്ലേറ്റ് എടുക്കാന്‍ അധ്യാപകര്‍ തമ്മില്‍ തിക്കും തിരക്കും കൂട്ടുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് അവരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ആരായാന്‍ ആണ് സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും അധ്യാപകരുടെയും യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്.
എന്നാല്‍ യോഗം അവസാനിച്ചയുടന്‍ അധ്യാപകര്‍ ഡൈനിംഗ് ഹാളിലേക്ക് നീങ്ങി, അവര്‍ പ്ലേറ്റുകള്‍ എടുക്കാന്‍ ചുറ്റും കൂടിനില്‍ക്കുകയും പരസ്പരം തിരക്കുകൂട്ടി തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. റിസോര്‍ട്ടിലെ ജീവനക്കാരനെന്ന് തോന്നിക്കുന്ന സ്യൂട്ട് ധരിച്ച ഒരാള്‍ പെട്ടെന്ന് പ്ലേറ്റുകള്‍ ഒരു മൂലയിലേക്ക് മാറ്റി. പിന്നീട് ഓരോന്നായി വിതരണം ചെയ്യാന്‍ തുടങ്ങി.
അവര്‍ക്കെല്ലാം വിശക്കുന്നുണ്ടാകും എന്നതിനാല്‍ ഭക്ഷണം എപ്പോഴാണ് വിളമ്ബിയതെന്ന് ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് താഴെ ചിലര്‍ ചോദിച്ചു. ചിലര്‍ കളിയാക്കി. അധ്യാപകര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കണമെന്ന് പ്രതികരിച്ചു.
യോഗസ്ഥലത്തേക്ക് അധ്യാപകര്‍ക്ക് എത്താന്‍ പഞ്ചാബ് സര്‍ക്കാര്‍ എയര്‍ കണ്ടീഷന്‍ഡ് ബസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ സമ്ബ്രദായം മെച്ചപ്പെടുത്തുന്നതിനുള്ള അധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്നതിനാണ് യോഗം വിളിച്ചതെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗുര്‍മീത് സിംഗ് മീത് ഹയര്‍ പറഞ്ഞു.

