KSDLIVENEWS

Real news for everyone

എൻഡോസൾഫാൻ ദുരിതബാധിതരുടെ നഷ്ടപരിഹാരം: കോടതി ഇടപെടലിൽ പ്രതീക്ഷയോടെ പരാതിക്കാർ

SHARE THIS ON

കാസർകോട് ∙ എൻഡോസൾഫാൻ ദുരിതബാധിതര്‍ക്കു നഷ്ടപരിഹാരം നൽകാനുള്ള സമയ പരിധി ഇന്നലെ അവസാനിച്ചു. 2017ലെ വിധി നടപ്പാക്കാൻ വൈകിയതിനെതിരെ സുപ്രീം കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. നഷ്പരിഹാരത്തുകയായ 5 ലക്ഷം രൂപ ലഭിക്കാനുള്ളത് 3714 പേർക്കാണ്. 3 ലക്ഷം നൽകി ബാക്കി 2 ലക്ഷം ലഭിക്കാനുള്ളത് 1568 പേർക്കും. കോടതി നിർദേശത്തെ തുടർന്ന് 200 കോടി രൂപ സർക്കാർ ഈയിടെ അനുവദിച്ചിരുന്നു. തുക നൽകാൻ വൈകിയതിനു നഷ്ടപരിഹാരമുൾപ്പെടെ നൽകണമെന്ന കോടതി നിർദേശം ഇനി തുക ലഭിക്കാനുള്ളവർക്കും പ്രതീക്ഷ നൽകുന്നുണ്ട്.

2010ലെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവനുസരിച്ചുള്ള നഷ്ടപരിഹാരം ലഭിക്കാനായി ദുരിതബാധിതർ 2017ലും 2019ലുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായിട്ടും വിധി സർക്കാർ നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് എൻഡോസൾഫാൻ ദുരിത ബാധിതർക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ സെർവ് കലക്ടീവ് കോടതിയലക്ഷ്യ കേസുമായി 2020ൽ സുപ്രീം കോടതിയെ സമീപിക്കുന്നത്.കേസ് ഫയൽ ചെയ്ത 8 പേർക്കും ഈ മാസം 5ന് കേരള സാമൂഹിക നീതി വകുപ്പിൽ നിന്നു അക്കൗണ്ടിലേക്ക് 5 ലക്ഷം വീതം ലഭിച്ചിരുന്നു.


കെ.ജി.ബൈജുവിന് പ്രതിമാസ പെൻഷൻ 2200 രൂപയും, ആശ്വാസ കിരണം പദ്ധതിയിലൂടെ 700 രൂപയും അനുവദിച്ചു, 50,000 രൂപ ബാങ്ക് ലോൺ എഴുതി തള്ളുകയും ചെയ്തു. മധുസൂദനന് പ്രതിമാസം 1200 രൂപ പെൻഷനായും, 4280 രൂപ സൗജന്യ ചികിത്സയ്ക്കും നൽകി. 1,90,700 രൂപ ബാങ്ക് ലോൺ എഴുതി തള്ളുകയും ചെയ്തു. സജിക്ക് പ്രതിമാസ പെൻഷൻ ഇനത്തിൽ 1200 രൂപ നൽകി. ശാന്തയ്ക്ക് പ്രതിമാസ പെൻഷൻ ഇനത്തിൽ 1200 രൂപ നൽകി. 14000 രൂപ ബാങ്ക് ലോൺ എഴുതി തള്ളുകയും ചെയ്തു. ശാന്ത കൃഷ്ണന് പ്രതിമാസ പെൻഷൻ ഇനത്തിൽ 1200 രൂപ, 8000 രൂപ ബാങ്ക് ലോൺ എഴുതി തള്ളുകയും ചെയ്തു.

രവീന്ദ്രന് പ്രതിമാസ പെൻഷൻ ഇനത്തിൽ 1200 രൂപ,സൗജന്യ ചികിത്സയ്ക്ക് 57819 രൂപ, 61,444 രൂപ ബാങ്ക് ലോൺ എഴുതി തള്ളുകയും ചെയ്തു. പി.ജെ.തോമസിന് പ്രതിമാസ പെൻഷൻ ഇനത്തിൽ 2200 രൂപ, 39,389 രൂപയുടെ ബാങ്ക് ലോൺ എഴുതി തള്ളുകയും ചെയ്തു. അശോക് കുമാറിന് പെൻഷൻ ഇനത്തിൽ 1200 രൂപ, സൗജന്യ ചികിത്സയ്ക്ക് 15,373 രൂപ, 1,07,500 രൂപയുടെ ബാങ്ക് ലോൺ എഴുതി തള്ളുകയും ചെയ്തുവെന്ന് എൻഡോസൾഫാൻ സ്പെഷൽ സെൽ ഡപ്യൂട്ടി കലക്ടർ ഇൻ ചാർജ് സിറോഷ് പി.ജോൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!