ഒരു പ്രളയം എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം; വലിയ മേഘവിസ്ഫോടനമുണ്ടാകാന് അധികസമയം വേണ്ട

കേരളതീരം ഉള്‍പ്പടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ മണ്‍സൂണ്‍ കാലയളവില്‍ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതായി പഠനം. മഴമേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുന്നതിനാല്‍ കാലവര്‍ഷം കൂടുതല്‍ കനക്കാനാണ് സാധ്യതയെന്ന് ‘നേച്ചര്‍’ മാഗസിന്റെ പോര്‍ട്ട്ഫോളിയോ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കുസാറ്റില്‍ ‘അഡ്വാന്‍സഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച്ചി’ന്റെ ഡയറക്ടര്‍ ഡോ.അഭിലാഷ് എസിന്റെ മേല്‍നോട്ടത്തിലാണ് പഠനം നടന്നത്. പഠനത്തെക്കുറിച്ചും മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതിനേക്കുറിച്ചും ഡോ.അഭിലാഷ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
എന്തായിരുന്നു പഠനത്തിലെ പ്രധാന കണ്ടെത്തല്‍?
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ മേഘങ്ങളുടെ ഘടന മാറുന്നു എന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. അവിടെ നേരത്തെയുണ്ടായിരുന്ന വ്യാപ്തി കുറഞ്ഞ മേഘങ്ങളില്‍ നിന്നുമാറി വലിയ കട്ടിയുള്ള മേഘങ്ങള്‍ രൂപം കൊള്ളുന്നു. പ്രധാനമായും മേഘങ്ങളുടെ ഉയരം കൂടുന്നു എന്നതാണ് പഠനം പറയുന്നത്. ഇത്തരം മേഘങ്ങള്‍ മണ്‍സൂണ്‍ സീസണില്‍, ചില അവസരങ്ങളില്‍ തീരത്തുനിന്ന് കരയിലേക്കെത്തും. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇത്തരം കട്ടികൂടിയ മേഘങ്ങള്‍ കടലിലുണ്ടായിരുന്നു. അതുമൊത്തം അവിടെ പെയ്തുതീര്‍ന്നു. എന്നാല്‍ കരയിലേക്ക് പ്രവേശിച്ചില്ല. പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ കരയിലത് വലിയ മഴയായിരിക്കും ഉണ്ടാക്കുക.

