റിഫ മെഹ്നുവിന്റെ മരണം: കേസുമായി മുന്നോട്ടുപോകുമെന്ന് കുടുംബം

വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് കുടുംബം. ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ല. മരണകാരണം എന്താണെന്ന് അറിയണം. പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തരാണ്. റിഫയുടെ മരണത്തിന് കാരണം മെഹ്നാസാണ്. മെഹ്നാസ് ഒളിവിൽ തുടരുന്നത് ദുരൂഹതയുള്ളതിനാലാണെന്ന് പിതാവ് ആരോപിച്ചു. കേസുമായി മുന്നോട്ട് പോകുമെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിഫയുടെ ഉമ്മ ഷെറിന പറഞ്ഞു.
കോഴിക്കോട് സ്വദേശിയായ വ്‌ളോഗർ റിഫ തൂങ്ങി മരിച്ചതാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവന്നിരുന്നു. റിഫ മെഹ്നുവിന്റെ കഴുത്തിൽ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവെക്കുന്നതാണ് പോസ്റ്റ് മോട്ടത്തിലെ കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഫൊറൻസിക് സംഘം അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പിക്ക് കൈമാറി. മാർച്ച് ഒന്നിന് ദുബൈയിലെ ഫ്‌ളാറ്റിലാണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

