ജനസംഖ്യ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് ആരോഗ്യമന്ത്രാലയം

ദില്ലി: ജനസംഖ്യാ നിയന്ത്രണത്തിന് നിയമം (Population control ) പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
ജനങ്ങളെ ബോധവത്ക്കരിക്കുന്നതടക്കമുള്ള മറ്റു വഴികളിലൂടെ ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്തിന് കഴിയുന്നുണ്ടെന്നും അതിനാല്‍ നിയമനിര്‍മ്മാണം പരിഗണനയില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം നല്കുന്ന സൂചന.
ജനസംഖ്യാ നിയന്ത്രണത്തിന് കേന്ദ്രം നിയമം കൊണ്ടുവരുമെന്ന് നേരത്തെ ഭക്ഷ്യ സംസ്ക്കരണ മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടീല്‍ അറിയിച്ചിരുന്നു. ഇതിനെതിരെ രാജ്യത്ത് വിവിധ വിഭാഗങ്ങളും സംഘടനകളും വലിയ പ്രതിഷേധം ഉയര്‍ത്തി. നിയമമന്ത്രാലയമോ ആരോഗ്യമന്ത്രാലയമോ വ്യക്തത നല്‍കേണ്ട വിഷയത്തില്‍ ഭക്ഷ്യ മന്ത്രിയുടെ ഭാഗത്ത് നിന്നും പ്രസ്താവന വന്നത് വലിയ ചര്‍ച്ചകള്‍ക്കും സംശയത്തിനും ഇടയാക്കി. വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയായതോടെ ജനസംഖ്യാ നിയന്ത്രണത്തില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ ഭാഗത്ത് നിന്നും ചില സൂചനകളും ലഭിച്ചു. ജനസംഖ്യ നിയന്ത്രിക്കുന്നതിന് ചില നടപടികള്‍ സ്വീകരിക്കുന്നതില്‍ ആലോചനകള്‍ നടക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. നിയമനിര്‍മ്മാണം ആവശ്യമാണോ എന്നതില്‍ ആലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ നിയമ നിര്‍മ്മാണം നിലവില്‍ പരിഗണനയിലില്ലെന്ന സൂചനയാണ് ആരോഗ്യമന്ത്രാലയം നല്‍കുന്നത്. ബോധവത്ക്കരണത്തിലൂടെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് രണ്ട് ശതമാനത്തിലേക്കെത്തിക്കാന്‍ രാജ്യത്തിന് സാധിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയം നല്കുന്ന സൂചന. സാമുദായിക സംഘടനകള്‍ വിഷയം ഏറ്റെടുക്കുന്ന രീതിയിലേക്ക് കൂടുതല്‍ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്ന നലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
ജനസംഖ്യ നിയന്ത്രണ നിയമം, കേന്ദ്രമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ പറഞ്ഞത്…
ജനസംഖ്യ നിയന്ത്രണ നിയമം വൈകില്ലെന്നും, നടപടികള്‍ പുരോഗമിക്കുകയാണെന്നുമാണ് റായ്പൂരില്‍ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ വ്യക്തമാക്കിയത്. ഭക്ഷ്യക്ഷാമത്തിലേക്കടക്കം പല രാജ്യങ്ങളും നീങ്ങുന്നതിന് ജനപ്പെരുപ്പം കാരണമായി ചൂണ്ടിക്കാട്ടിയാണ് മന്ത്രി നിലപാടറിയിച്ചത്. 2016 ല്‍ മന്ത്രി തന്നെ ഇതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നിരുന്നു. മൂന്നാമതുണ്ടാകുന്ന കുട്ടിക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും നല്‍കരുതെന്ന നിര്‍ദ്ദശവുമായാണ് ബില്‍ അവതരിപ്പിച്ചത്. 2019ല്‍ രാകേഷ് സിന്‍ഹ എംപിയും സ്വകാര്യ ബില്‍ അവതരിപ്പിച്ചു.
രണ്ടിലധികം കുട്ടികളുണ്ടാകുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്ന് വ്യക്തമാക്കി ബിജെപി ഭരിക്കുന്ന അസം സര്‍ക്കാര്‍ 2021ല്‍ നിലപാടറിയിച്ചു. എന്നാല്‍ രാജ്യത്തെ ജനസംഖ്യ നിരക്ക് സംബന്ധിച്ച കണക്കുകള്‍ ഉദ്ധരിച്ച് നിയമം കൊണ്ടുവരേണ്ട സാഹചര്യം നിലവിലില്ലെന്നായിരുന്നു മന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചത്. ബോധവത്ക്കരണം തുടര്‍ന്നാല്‍ മതിയാകുമെന്നും വ്യക്തമാക്കി. തുടര്‍ന്ന് രാകേഷ് സിന്‍ഹ എംപി ബില്‍ പിന്‍വലിക്കുകയും ചെയ്തു. അങ്ങനെ 35 തവണയിലേറെയാണ് ഇതുമായി കൊണ്ടുവന്ന ബില്ലുകള്‍ പാര്‍ലമെന്റ് കടക്കാതെ പോയത്.

