KSDLIVENEWS

Real news for everyone

തോക്കേന്തിയ കമാൻഡോ പടയുമായി മുഖ്യൻ നാട് ഭരിച്ചകാലം; ഓർമിപ്പിച്ച് എ.എ. റഹിം

SHARE THIS ON


തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനു സുരക്ഷ ഒരുക്കാനെന്ന പേരിൽ ജനജീവിതം സ്തംഭിപ്പിക്കുന്നത് വിവാദമായിരിക്കെ, പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനും രാജ്യസഭാംഗവുമായ എ.എ.റഹിം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സുരക്ഷാ ക്രമീകരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് റഹിമിന്റെ വിമർശനം.


‘തോക്കേന്തിയ കമാൻഡോ പടയുമായി ഒരു മുഖ്യൻ നാടു ഭരിച്ച കാലം’ എന്നാണ് സമൂഹമാധ്യമത്തിൽ ‍പോസ്റ്റ് ചെയ്ത കുറിപ്പിൽ റഹിമിന്റെ പരിഹാസം. അതിർത്തിയിൽ ഇന്ത്യൻ പട്ടാളം ഉപയോഗിക്കുന്ന തോക്കുകളാണ് അന്ന് ഉപയോഗിച്ചിരുന്നതെന്നും റഹിം കുറിച്ചു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ കമാൻഡോ സംഘം അദ്ദേഹത്തിന്റെ സുരക്ഷ ഏറ്റെടുക്കുമെന്ന വാർത്തയാണ് റഹിം പങ്കുവച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരായ പ്രതിഷേധം കടുപ്പിക്കാൻ ഇടതുമുന്നണി തീരുമാനിച്ച സാഹചര്യത്തിൽ സുരക്ഷ ശക്തിപ്പെടുത്താൻ ഇന്റലിജൻസ് നിർദ്ദേശിച്ചിരുന്നു.

ഇതോടെ ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ സ്കോർപിയോൺ കമാൻഡോകൾ സുരക്ഷ ഏറ്റെടുക്കുമെന്നായിരുന്നു വാർത്ത. മുഖ്യമന്ത്രിക്കൊപ്പം തോക്കേന്തിയ 15 കമാൻഡോകൾ ഉണ്ടാകുമെന്നും വാർത്തയിലുണ്ട്. ഇന്ത്യൻ സൈന്യം അതിർത്തിയിൽ ഉപയോഗിക്കുന്ന തോക്കുകളാണ് ഇവരുടെ കൈവശമുണ്ടായിരിക്കുകയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് റഹിമിന്റെ പരിഹാസം.

റഹിമിന്റെ പോസ്റ്റ് ഇങ്ങനെ:

എല്ലാ ആരോപണങ്ങളും പൊളിഞ്ഞു പോകുമ്പോൾ, മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പുതിയ പ്രശ്നം. മറവിരോഗം ബാധിച്ചവർക്കായി ഒരു പഴയ വാർത്ത. തോക്കേന്തിയ കമാൻഡോ പടയുമായി ഒരു മുഖ്യൻ നാടു ഭരിച്ചകാലം. അതും ഇന്ത്യൻ പട്ടാളം അതിർത്തിയിൽ ഉപയോഗിക്കുന്ന തോക്കുകൾ!!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!