സംസ്ഥാനം സംഘര്‍ഷഭരിതം: പയ്യന്നൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്തു; പോലീസിനോട് തയ്യാറായിരിക്കാന്‍ ഡിജിപി

തിരുവനന്തപുരം: വിമാനത്തിനുള്ളിലെ പ്രതിഷേധത്തിനെതിരേ ഇടതുസംഘടനകളും കെ.പി.സി.സി. ഓഫീസാക്രമണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകളും തെരുവിലിറങ്ങിയതോടെ തിങ്കളാഴ്ച വൈകീട്ട് മുതല്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളും സംഘര്‍ഷഭരിതം. പയ്യന്നൂര്‍ കോണ്‍ഗ്രസ് ഓഫീസിനുപുറത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ തല അക്രമികള്‍ വെട്ടിമാറ്റി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ഭാര്യവീടിനുനേരേ ആക്രമണമുണ്ടായി.
തലസ്ഥാനത്തുള്‍പ്പെടെ രാത്രിയും തുടര്‍ന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. ഇതിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് കൂടുതല്‍ സായുധ പോലീസിനെ വിന്യസിച്ചു. സംസ്ഥാനത്തെ പോലീസ് സേനയോട് തയ്യാറായിരിക്കാന്‍ ഡിജിപി അനില്‍ കാന്ത് നിര്‍ദേശിച്ചു. ബറ്റാലിയന് അടക്കമുള്ള സേനാവിഭാഗങ്ങള്‍ തയ്യാറായിരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം നഗരം തിങ്കളാഴ്ച രാത്രിയും സംഘര്‍ഷഭൂമിയായി. ഇന്ദിരാഭവന് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് രാത്രി വി.കെ. പ്രശാന്ത് എം.എല്‍.എ.യുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. സംഭവമറിഞ്ഞ് സി.പി.എം. പ്രവര്‍ത്തകര്‍ ഇന്ദിരാഭവനിലേക്കു മാര്‍ച്ച് നടത്തി. ഇരുകൂട്ടരും വെല്ലുവിളിയുമായി മുഖാമുഖം വന്നെങ്കിലും പോലീസിടപെട്ട് പ്രവര്‍ത്തകരെ മടക്കിയയച്ചു. സെക്രട്ടേറിയറ്റിനുമുന്നിലും ഇരുകൂട്ടരും നേര്‍ക്കുനേര്‍ വന്നെങ്കിലും സംഘര്‍ഷം ഒഴിവായി. രാത്രി വൈകിയും കെ.പി.സി.സി. ആസ്ഥാനത്തിനുമുന്നില് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരുന്നു.

