ഇ.പി ജയരാജനെതിരെ കേസെടുത്തില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും; വിഡി സതീശന്‍

കൊച്ചി: ഇ. പി ജയരാജനെതിരെ കേസെടുത്തില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്ന് വി.ഡി സതീശന്‍ . ജയരാജന്‍ മുഖ്യമന്ത്രിയുടെ ചീഫ് സെക്യൂരിറ്റി ഓഫിസറാണോയെന്നും അദ്ദേഹം ചോദിച്ചു . വിമാനത്തില്‍ മദ്യപിച്ച ഒരാളെ പോലെയാണ് ജയരാജന്‍ വിമാനത്തിനുള്ളില്‍ പെരുമാറിയത്. എന്നാല്‍ മദ്യപിച്ചെന്ന് താന്‍ പറയില്ലെന്നും സതീശന്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ മദ്യപിച്ചുവെന്ന ജയരാജന്‍്റെ പ്രസ്താവന കള്ളമാണ്. ജയരാജാണ് പ്രവര്‍ത്തകരെ ആക്രമിച്ചത്.
സി പി എം നേതൃത്വത്തിലിരിക്കുന്നതും സി പി എമ്മിനെ നിയന്ത്രിക്കുന്നതും ക്രിമിനലുകളാണ്. വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന്‍റെ പേരില്‍ ആണ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. ഇതാദ്യമായല്ല മുദ്രാവാക്യം മുഴക്കുന്നത്. എന്നാല്‍ അതിന് വധശ്രമത്തിന് കേസെടുക്കുന്നത് ആദ്യമായാണ്. ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ സമരവീര്യം ഇല്ലാതാകില്ലെന്നും സതീശന്‍ പറഞ്ഞു. താനോ സുധാകരനോ പറഞ്ഞിട്ടല്ല പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പറഞ്ഞു വിട്ടതാണെങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജവം തങ്ങള്‍ക്കുണ്ട്.
മോദിയേക്കാളും യോഗി ആദിത്യനാഥി നേക്കാളും വലിയ ഏകാധിപതി ചമയുന്ന പിണറായി, ഹിറ്റ്ലറെക്കാള്‍ വലിയ ഏകാധിപതിയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.സംസ്ഥാനത്ത് സി പി എം അക്രമം അഴിച്ചു വിടുകയാണ് കോണ്‍ഗ്രസ് എസ് പാര്‍ട്ടി ഓഫീസുകള്‍ കത്തിച്ചു , ഓഫീസുകള്‍ക്ക് നേരെ ബോംബെറിഞ്ഞു , ഗാന്ധി പ്രതിമയുടെ കഴുത്തു വെട്ടി. അപ്പോള്‍ സി പി എം കാരല്ലേ ഭീകരപ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. ബോംബ് സ്‌റ്റോക്കുള്ള പാര്‍ട്ടികള്‍ ആര്‍ എസ് എസും സി പി എമ്മുമാണ്.
സമരം വഴിതെറ്റിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ സമരവുമായി മുന്നോട്ടു പോകും.
മുഖ്യമന്ത്രിയുടെ അകമ്ബടി കാറിലിരുന്ന ഉദ്യോഗസ്ഥര്‍ അക്രമം കാണിക്കുന്നു. ഇവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുക്കേണ്ടത്. അമിത വേഗതയില്‍ വരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെയാണ് തിരിയുന്നത്. അതില്‍ നിന്നും ലാത്തിവീശി പ്രവര്‍ത്തകരെ തല്ലാനാണ് ശ്രമിക്കുന്നത് . സി പി എം, എം എല്‍ എ മാര്‍ ഭീഷണിയുടെ സ്വരത്തില്‍ എഫ് ബി പോസ്റ്റടുന്നു . എന്നാല്‍ ഇതു കണ്ട് ആരും പേടിക്കില്ല. പിണറായി വിജയന്‍ നവകേരളം സൃഷ്ടിക്കുകയാണ്. അദ്ദേഹത്തിന്‍്റെ താത്പര്യം മാത്രമാണ് നടപ്പാക്കുന്നത്.
സ്വപ്നയുടെ കേസില്‍ മുഖ്യമന്ത്രി അറിയാതെ ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ ഇടനിലക്കാരാകില്ല. ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണ് ഇടനിലക്കാര്‍ വന്നതെന്ന് അവര്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതുവരെയും അവരെ ചോദ്യം ചെയ്തിട്ടുമില്ല. ഇതെല്ലാം ഒത്തുകളിയാണ് സൂചിപ്പിക്കുന്നത്.
കെ റയിലിന് അനുകൂലമായി കേന്ദ്രം ഒരു സമയത്തും നിലപാട് എടുത്തിട്ടില്ല. ഇപ്പോള്‍ മുഖ്യമന്ത്രി എടുത്തിട്ടുള്ള സമീപനം സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഉള്ളതാണ്. ഇതിന് തൃക്കാക്കരയിലെ ജനങ്ങളോടാണ് നന്ദി പറയേണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു.

