KSDLIVENEWS

Real news for everyone

അഗ്നിപഥ് പ്രക്ഷോഭം: ബിഹാറില്‍ ശനിയാഴ്ച ബന്ദ്, 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

SHARE THIS ON

പട്‌ന: സൈന്യത്തിലേക്കുള്ള നിയമനം കരാര്‍വത്കരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. രാജ്യത്തെ മുന്നൂറിലധികം തീവണ്ടി സര്‍വീസുകളെ ബാധിച്ചിട്ടുണ്ട് പ്രതിഷേധം. പലയിടത്തും പോലീസിന് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കേണ്ടി വന്നു. ബിഹാറില്‍ ശനിയാഴ്ച വിദ്യാര്‍ഥി സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഞായറാഴ്ച വരെ വിച്ഛേദിച്ചിട്ടുണ്ട്. 316 ട്രെയിനുകളാണ് രാജ്യവ്യാപകമായി റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തത്.


റിക്രൂട്ട്‌മെന്റുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് പ്രതിഷേധം വ്യാപകമായത്. ഓരോ ദിവസവും പ്രതിഷേധം കൂടുതല്‍ കലുഷിതമാകുന്ന കാഴ്ചയാണ് ഉത്തരേന്ത്യയില്‍ ദൃശ്യമാകുന്നത്. തെലങ്കാനയിലും ട്രെയിനിന് തീയിട്ടതോടെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം കേന്ദ്രത്തിന്റെ നയമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നു. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന വിമര്‍ശനവും പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്നു.

തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പലയിടത്തും പോലീസും സുരക്ഷാ സേനയും നന്നേ പാടുപെട്ടു. പത്ത് സംസ്ഥാനങ്ങളില്‍ പ്രതിഷേധം തെരുവ് യുദ്ധമായി മാറി. ബസുകള്‍ക്ക് തീയിട്ടും പൊതുമുതല്‍ നശിപ്പിച്ചുമാണ് പ്രതിഷേധമാണ് തുടരുന്നത്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആവര്‍ത്തിച്ച് പറയുന്നത്. സൈന്യത്തെ യുവത്വവത്കരിക്കുന്നതിന്റെ ഭാഗമാണെന്നാണ് സേനാ മേധാവികള്‍ അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!