കുവൈറ്റ് മനുഷ്യക്കടത്ത്: കാഴ്ചവസ്തുവാക്കി വിലപേശിയെന്ന വെളിപ്പെടുത്തലുമായി ഒരു യുവതി കൂടെ രംഗത്ത്

കുവൈറ്റ്: മനുഷ്യക്കടത്തില്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന് ഫോര്‍ട്ട് കൊച്ചിയിലെ പരാതിക്കാരിയുടെ കുടുംബം.
കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ നിന്നും ഇടപെടല്‍ ഉണ്ടായതായി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. കുവൈറ്റില്‍ മലയാളി യുവതികളെ കാഴ്ചവസ്തുവാക്കി വിലപേശി വില്പന നടത്തിയെന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതി രംഗത്തെത്തി.
കുവൈറ്റ് മനുഷ്യക്കടത്തില്‍ ഇതുവരെ മൂന്ന് യുവതികളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതില്‍ ആദ്യം പരാതി നല്‍കിയത് ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ്. 35കാരി പൊലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന ചൂഷണം പുറത്തായത്. പരാതി പിന്‍വലിക്കാന്‍ പല രീതിയില്‍ സമ്മര്‍ദ്ദമുണ്ടെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു.
കുവൈറ്റില്‍ അറബികളുടെ വീട്ടിലും ഏജന്റിന്റെ ക്യാമ്ബിലും യുവതികള്‍ നേരിട്ട ദുരിതത്തിന്റെ ഓഡിയോ ക്ലിപ്പുകളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അടിമക്കച്ചവടത്തിന് സമാനമായാണ് തങ്ങളെ കൈമാറിയതെന്ന വെളിപ്പെടുത്തലുമായി തൃക്കാക്കരയിലെ യുവതി പറഞ്ഞു. മനുഷ്യക്കടത്തിലെ പ്രധാനി കണ്ണൂര്‍ സ്വദേശിയായ മജീദാണ്. വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ മജീദിന്റെ സ്ഥാപനം കുവൈറ്റ് സര്‍ക്കാര്‍ സീല്‍ വച്ചു. എന്നാല്‍ മജീദിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പത്തനംതിട്ട സ്വദേശി അജുമോന്റെ അറസ്റ്റിനപ്പുറം വിദേശത്തുള്ള മജീദിനെ കേരളത്തിലെത്തിക്കുകയാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാവുക.

