RSS വേദിയില്‍ KNA ഖാദര്‍: പ്രവൃത്തി വിവാദം സൃഷ്ടിച്ചതു കൊണ്ടാണ് വിശദീകരണം ചോദിച്ചത്; സാദിഖലി തങ്ങള്‍

കോഴിക്കോട്; ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത കെഎന്‍ എ ഖാദറിന്‍റെ നിലപാട് തള്ളി മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിബാഹ് തങ്ങള്‍ രംഗത്ത്.ഖാദറിന്റെ പ്രവൃത്തി വിവാദം സൃഷ്ടിച്ചതു കൊണ്ടാണ് വിശദീകരണം ചോദിച്ചത്.ഖാദര്‍ വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷ..ലീഗുകാര്‍ എവിടെ പോകണം പോകണ്ട എന്നതില്‍ അലിഖിതമായൊരു ധാരണയുണ്ട്.ആര്‍എസ്‌എസുമായി സഹകരിക്കാനാകില്ല.വെറുപ്പിന്‍റെ രാഷ്ട്രീയവുമായി സഹകരിക്കുന്ന പ്രശ്നമില്ലെന്നും സാദിഖലി തങ്ങള്‍ ഏഷ്യാനെററ് ന്യൂസിനോട് പറഞ്ഞു.
ഖാദര്‍ ഉയര്‍ത്തിയത് ഭാരത സംസ്കാരം, ലീഗ് പുറത്താക്കിയാലും അനാഥനാകില്ല: അബ്ദുള്ളക്കുട്ടി
ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്തതിനെ ചൊല്ലി മുസ്ലീം ലീഗിനുള്ളില്‍ വിമര്‍ശനം നേരിടുന്ന മുന്‍ എംഎല്‍എ കെഎന്‍എ ഖാദറിനെ ഒപ്പം നിര്‍ത്താനുള്ള കരുനീക്കവുമായി ബിജെപി. ഭാരതീയ സംസ്കാരമാണ് കെഎന്‍എ ഖാദര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ദേശീയ രാഷ്ട്രീയത്തിലടക്കം പ്രാധാന്യമുള്ള വ്യക്തിയാവാന്‍ ഖാദറിനാവുമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി കോഴിക്കോട്ട് പറഞ്ഞു. മുസ്ലീം ലീഗ് കെഎന്‍എ ഖാദറിനെ പുറത്താക്കിയാലും അദ്ദേഹം അനാഥനാവില്ലെന്നും ഖാദറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് അബ്ദുള്ളക്കുട്ടി പറഞ്ഞു.
അബ്ദുള്ളക്കുട്ടിയുടെ വാക്കുകള്‍ –
ഭാരത സംസ്കാരമാണ് കെ എന്‍ എ ഖാദര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലുള്‍പ്പെടെ പ്രാധാന്യം ഉള്ള വ്യക്തിയാകാന്‍ ഖാദറിന് കഴിയും. മുസ്ലീം ലീഗ് ഖാദറിനോട് കളിക്കേണ്ട, ലീഗ് പുറത്താക്കിയാലും ഖാദര്‍ അനാഥനാകില്ല. വേദങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള വ്യക്തിയാണ് ഖാദര്‍. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. മുസ്ലീം ലീഗ് തീവ്ര ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ മുട്ടിലിഴയുകയാണ്. കെഎന്‍എ ഖാദറിനെതിരെ മുസ്ലീം തീവ്ര ഗ്രൂപ്പുകള്‍ അനാവശ്യ വിവാദമാണ് ഉയര്‍ത്തുന്നത്..
അതേസമയം കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത് ആര്‍എസ്‌എസ് പരിപാടിയില്‍ അല്ലെന്നും കേസരി എന്ന മാധ്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയിലാണെന്നും ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. കെ.എന്‍.എ ഖാദര്‍ എവിടെ പങ്കെടുത്തു എന്നല്ല എന്ത് പറഞ്ഞു എന്നതാണ് കാര്യം. സംവാദങ്ങളെ ഭയപ്പെടുന്നവരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ലീഗ് ഖാദറിനെതിരെ നടപടി എടുത്താല്‍ സംവാദങ്ങളെ ഭയപ്പെടുന്നു എന്നാണ് അതിലൂടെ മനസ്സിലാക്കേണ്ടതെന്നും പറഞ്ഞ എംടി രമേശ് ഒരു പരിപാടിയില്‍ പങ്കെടുക്കുക എന്നാല്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുക എന്ന് അര്‍ത്ഥമില്ലെന്നും വ്യക്തമാക്കി.
ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്ത കെഎന്‍എ ഖാദറിനോട് ലീഗ് നേതൃത്വം വിശദീകരണം തേടാന്‍ തീരുമാനിച്ചിരുന്നു. ഖാദറിന്‍റെ നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിക്കാര്‍ ആരെങ്കിലും വിളിച്ചാല്‍ പോകേണ്ടവര്‍ അല്ലെന്നായിരുന്നു സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രതികരണം. എന്നാല്‍ താന്‍ പങ്കെടുത്തത് സാംസ്കാരിക സമ്മേളനത്തിലെന്നാണ് കെഎന്‍എ ഖാദറിന്‍റെ നിലപാട്.
മുസ്‌ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് കെഎന്‍എ ഖാദര്‍. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് കെഎന്‍എ ഖാദറായിരുന്നു. പ്രചാരണത്തിനിടിയില്‍ ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് ഖാദര്‍ സന്ദര്‍ശനം നടത്തുകയും കൈക്കൂപ്പി പ്രാര്‍ത്ഥിച്ച് കാണിക്കയിട്ടതും വലിയ വാര്‍ത്തയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക തള്ളിപ്പോയതിനെ തുടര്‍ന്ന് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായപ്പോള്‍ നടന്‍ സുരേഷ് ഗോപി പ്രവര്‍ത്തകരോട് ഖാദറിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു.

