രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ്; ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണം, പിണറായിക്കും പ്രതിപക്ഷത്തിനും BJP യുടെ കത്ത്

തിരുവനന്തപുരം; രാഷ്‌ട്രപതി തെരെഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് നല്‍കി.തന്‍റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും, ദരിദ്രരെയും അധഃസ്ഥിതരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമര്‍പ്പിച്ച ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍ ഇടതുപക്ഷവും പ്രതിപക്ഷവും തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
മുഖ്യമന്ത്രിക്ക് കെ സുരേന്ദ്രന്‍ നല്‍കിയ കത്തിന്‍റെ പൂര്‍ണ്ണരൂപം
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഒഡിഷയില്‍ നിന്നുള്ള ആദിവാസി നേതാവ് ശ്രീമതി ദ്രൗപതി മുര്‍മു മത്സരിക്കുന്ന വിവരം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. മുര്‍മു തെരഞ്ഞെടുക്കപ്പെട്ടാല്‍ ചരിത്രത്തില്‍ ആദ്യമായി ആദിവാസി വനിത രാജ്യത്തിന്റെ പ്രഥമപൗരയാകുമെന്നതാണ് പ്രത്യേകത. ‘ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച ദശലക്ഷങ്ങളുടെ പ്രതിനിധി’ എന്നാണ് ദ്രൗപതി മുര്‍മുവിനെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി വിശേഷിപ്പിച്ചത്.
ഒഡിഷയില്‍ നിന്നുള്ള ആദിവാസി വനിതാ നേതാവായ ദ്രൗപതി മുര്‍മു കൗണ്‍സിലറായാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റെയ്റാങ്പുര്‍ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയര്‍പേഴ്സണായി. 2013ല്‍ ഒഡീഷയിലെ പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2000ത്തിലാണ് ദ്രൗപതി മുര്‍മു ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുര്‍ മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എയായി ജയിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എയായി. 2000ത്തില്‍ ആദ്യവട്ടം എംഎല്‍എയായപ്പോള്‍ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-ഗതാഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ല്‍ ഒഡിഷയിലെ ഏറ്റവും മികച്ച എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം). 2015ല്‍ ദ്രൗപതിയെ ജാര്‍ഖണ്ഡിന്റെ ഗവര്‍ണറായി നിയമിച്ചു. ജാര്‍ഖണ്ഡില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ ഗവര്‍ണറായി ദ്രൗപതി മുര്‍മു മാറി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന പ്രത്യേകതയും ദ്രൗപതി മുര്‍മുവിന് തന്നെ.
ഭരണരംഗത്തെ മികവും പരിചയ സമ്ബത്തും ദ്രൗപതി മുര്‍മുവെന്ന വനിതയെ രാഷ്ട്രപതി പദവിയില്‍ വിജയത്തിലേക്ക് നയിക്കുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിന് അതീതമായി മുര്‍മു ഭാരതത്തിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആവശ്യമായി മാറി കഴിഞ്ഞു. തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും, ദരിദ്രരെയും അധഃസ്ഥിതരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമര്‍പ്പിച്ച ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍ താങ്കളും ഇടതുപക്ഷവും തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
നാമനിര്‍ദ്ദേശ പത്രിക നല്‍കി എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു; എത്തിയത് മോദിക്കൊപ്പം
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ക്കൊപ്പമാണ് ദ്രൗപതി മുര്‍മു പത്രികാ സമര്‍പ്പിക്കാനെത്തിയത്. സഖ്യകക്ഷി നേതാക്കള്‍ക്കൊപ്പം ബിജു ജനതാദള്‍, വൈഎസ്‌ആര്‍സിപി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും പ്രതിനിധികളുണ്ടായിരുന്നു.
പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ ദില്ലിയിലെത്തിയ മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ പ്രശ്നങ്ങളെ കുറിച്ചും, രാജ്യത്തിന്‍റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുര്‍മ്മുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചത്. നിതീഷ് കുമാറിന്‍റെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു.

