KSDLIVENEWS

Real news for everyone

സില്‍വര്‍ലൈന്‍: തൂണിലുള്ള ദൂരം കൂട്ടാമെന്ന് കെ-റെയില്‍; ചെലവുകൂടും

SHARE THIS ON

തൃശ്ശൂര്‍: സില്‍വര്‍ലൈന്‍ പാത തൂണിലൂടെയുള്ളത് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നതിനെക്കാള്‍ ദൂരം കൂട്ടുന്നത് പരിഗണിക്കാമെന്ന് കെ-റെയില്‍. 88 കിലോമീറ്ററാണ് തൂണിലൂടെ ഇപ്പോള്‍ പണിയാനുദ്ദേശിക്കുന്നത്. പദ്ധതിയെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ കെ-റെയില്‍ നടത്തുന്ന വിശദീകരണപരിപാടിയായ ജനസമക്ഷത്തില്‍ കെ-റെയില്‍ എം.ഡി. വി. അജിത്കുമാറാണ് പരിഗണന വ്യക്തമാക്കിയത്.


തൃശ്ശൂര്‍ സ്വദേശി സുഭാഷ് വിജയന്റെ ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു ഇത്. കെ-റെയില്‍ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് ആദ്യമായാണ് ഇത്തരമൊരു വിശദീകരണം. മുഖ്യമന്ത്രിയുടെ അറിവോടെയുള്ള പ്രഖ്യാപനമാണിത്. രാഷ്ട്രീയതീരുമാനമുണ്ടായതായാണ് മാനേജ്മെന്റ് പറയുന്നത്. എന്നാല്‍, എത്രത്തോളം കിലോമീറ്റര്‍ തൂണിലുള്ള പാത വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയില്ല. ഇപ്പോഴുള്ള 88 കിലോമീറ്ററില്‍ നെല്‍പ്പാടങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനസാന്ദ്രതയുള്ള മറ്റുപ്രദേശങ്ങളില്‍ ആവശ്യമെന്നുകണ്ടാല്‍ പാത തൂണിലേക്കാക്കും.

പ്രതിഷേധം ശക്തമായ സ്ഥലങ്ങളില്‍ പാത തൂണിലാക്കുമെന്ന വാക്കാലുള്ള ഉറപ്പ് നല്‍കിയിരുന്ന പശ്ചാത്തലവുമായി ഇപ്പോഴത്തെ പ്രഖ്യാപനത്തെ ചേര്‍ത്തുവായിക്കേണ്ടിവരും. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, കോഴിക്കോട് ജില്ലയിലെ കാട്ടിലപ്പീടിക, തിരുവനന്തപുരം ജില്ലയിലെ മുരിക്കുംപുഴ, കണിയാപുരം എന്നിവിടങ്ങളില്‍ ഇടതുമുന്നണിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളില്‍നിന്ന് ഇങ്ങനെ ഒരു ഉറപ്പുണ്ടായതായി സമരനേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!