ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; ഒരു ലീഗ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍, കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍.ലീഗ് പ്രവര്‍ത്തകനായ സുബൈര്‍ കുരുടമ്ബത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നജാഫ് ഫാരിസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് സാലി, റിയാസ്, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ആക്രമിച്ചത് ലീഗ് – എസ്‍ഡിപിഐ പ്രവര്‍ത്തകരാണെന്ന ശക്തമായ പ്രചാരണം ഡിവൈെഎഫ്‌ഐ നടത്തുന്നതിനിടെയാണ് സ്വന്തം പ്രവര്‍ത്തകന്‍ അറസ്റ്റിലായത്. ഇതോടെ പ്രതിരോധത്തിലായ ഡിവൈഎഫ്‌ഐ അറസ്റ്റിലായ നജാഫ് ഫാരിസിന് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് പരസ്യനിലപാട് എടുത്തു.
കണ്ടാലറിയാവുന്നവര്‍ ഉള്‍പ്പെടെ 29 പേരെയാണ് പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. നജാഫിന്‍റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി വന്നത്. എന്നാല്‍, നാജാഫ് ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകന്‍ അല്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫ് വ്യക്തമാക്കി. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആള്‍ക്കൂട്ട ആക്രമണമല്ല ബോധപൂര്‍വം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപം ആയിരുന്നു നടന്നതെന്നും വസീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
എസ്‍ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയില്‍ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറിലുണ്ട്. ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിലാണ് ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേര്‍ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചത്.
എസ് ഡി പി ഐ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. തന്‍റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിര്‍ത്തി. ഫ്ലസ്ക് ബോര്‍ഡ് നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തില്‍ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ട് മണിക്കൂര്‍ നേരത്തെ ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്. രണ്ട് മണിക്കൂറോളമാണ് സംഘം ജിഷ്ണുവിനെ വളഞ്ഞിട്ട് മര്‍ദിച്ചവശനാക്കിയത്. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്തെ എസ്ഡി പിഐ-മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് ജിഷ്ണു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണക്കേസില്‍ വഴിത്തിരിവ്; ജിഷ്ണുവിനെതിരെ പരാതി നല്‍കിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍

