എ.കെ.ജി ഭവന്റെ സുരക്ഷ വർധിപ്പിച്ചു; ഡൽഹി പോലീസിനെയും കേന്ദ്ര സേനയേയും വിന്യസിച്ചു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിന് പിന്നാലെ ഡല്‍ഹിയിലെ എകെജി ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ കൂട്ടിയത്. ഡല്‍ഹി പോലീസിന് പുറമേ കേന്ദ്രസേനാ വിഭാഗങ്ങളെകൂടി എകെജി ഭവന് സമീപം വിന്യസിച്ചു.
സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓഫീസ് പരിസരം ബാരിക്കേഡുകള്‍ വെച്ച് അടച്ച് പ്രവേശനം തടഞ്ഞിരിക്കുകയാണ്. പാര്‍ക്കിങ്ങിനും അനുവാദമില്ല. എകെജി ഭവന് സമീപം ഇന്നലെ എന്‍.എസ്.യു പ്രതിഷേധം നടത്തിയിരുന്നു.
ഇന്നലെ വൈകുന്നേരമാണ് കോണ്‍ഗ്രസ് നേതാവും വയനാട് എം.പി.യുമായ രാഹുല്‍ഗാന്ധിയുടെ കല്പറ്റയിലെ ഓഫീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ കരുതല്‍മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ലെന്ന് ആരോപിച്ച് നടത്തിയ എസ്എഫ്ഐ മാര്‍ച്ചിനിടെയായിരുന്നു അക്രമം.

