KSDLIVENEWS

Real news for everyone

ഉദയ്പുര്‍ കൊലപാതകം: രണ്ടു പ്രതികള്‍ പിടിയില്‍; ഇന്‍റർനെറ്റ് വിച്ഛേദിച്ചു, കനത്ത ജാഗ്രത

SHARE THIS ON

ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരിലെ തയ്യല്‍ കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കൊലപാതകത്തിന്റെ ദൃശ്യങ്ങളില്‍ പ്രചരിക്കുന്ന രണ്ടു പേരാണ് പിടിയിലായത്. മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചു പോസ്റ്റിട്ടുവെന്നാരോപിച്ചാണ് ക്രൂരമായ കൊലപാകതം നടത്തിയത്. റാഫിഖ് മുഹമ്മദ്, അബ്ദുള്‍ ജബ്ബാര്‍ എന്നിങ്ങനെയാണ് പിടിയിലാവരുടെ പേരുകള്‍. ഇരുവരും ഉദയ്പുര്‍ സൂരജ്‌പോലെ സ്വദേശികളാണെന്ന് രാജസ്ഥാന്‍ പോലീസ് അറിയിച്ചു.

ഉദയ്പൂരില്‍ വലിയ സംഘര്‍ഷാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഉദയ്പുരില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ പോലീസ് സംഘര്‍ഷം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. 600 പോലീസുകാരെ അധികമായി വിന്യസിച്ചു. 24 മണിക്കൂര്‍ നേരത്തേയ്ക്ക് ഇന്റര്‍നെറ്റ് സേവനം മരവിപ്പിച്ചിട്ടുണ്ട്. ഉദയ്പുര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കൊലപാതകത്തിന്റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്ഥാന്‍ പോലീസ് നിര്‍ദേശം നല്‍കി.

തയ്യല്‍ കടക്കാരനായ കനയ്യലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഉദയ്പുരിലെ തിരക്കേറിയ മാര്‍ക്കറ്റിലുള്ള തന്റെ കടയില്‍ വെച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് കനയ്യലാല്‍ കൊല്ലപ്പെട്ടത്. രണ്ടു പേര്‍ കടയിലേക്ക് കയറിവരികയും കനയ്യ ലാലിന്റെ കഴുത്തറുക്കുകയുമായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രതികള്‍ ഭീഷണി മുഴക്കുന്നുണ്ട്.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രാജസ്മന്ത് ജില്ലയിലെ ഭീം എന്ന പ്രദേശത്ത് വെച്ച് രാത്രിയോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്.

ഉദയ്പൂരിലെ ക്രൂരമായ കൊലപാതകം തന്നെ വല്ലാതെ ഞെട്ടിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘മതത്തിന്റെ പേരിലുള്ള ക്രൂരത വച്ചുപൊറുപ്പിക്കാനാവില്ല. ഈ ക്രൂരതയുടെ പേരില്‍ ഭീകരത പടര്‍ത്തുന്നവരെ ഉടന്‍ ശിക്ഷിക്കണം. എല്ലാവരും ഒരുമിച്ച് വിദ്വേഷത്തെ പരാജയപ്പെടുത്തണം. എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ദയവായി സമാധാനവും സാഹോദര്യവും നിലനിര്‍ത്തുക’, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രണ്ടു പ്രതികളേയും പിടികൂടിയിട്ടുണ്ടെന്നും വേഗത്തിലുള്ള അന്വേഷണം നടക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!