മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപം മണ്ണിടിച്ചിൽ; ആരെങ്കിലും കുടുങ്ങിയോ എന്നറിയാൻ പരിശോധന

തിരുവനന്തപുരം: മലപ്പുറം പാണക്കാട് എടയ്പ്പാലത്തിനു സമീപം കരുവാക്കുണ്ടിൽ വീണ്ടും മണ്ണിടിച്ചിൽ. സംസ്ഥാന പാതയിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം. രാവിലെ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് റിപ്പോർട്ടിങ്ങിനായി മാധ്യമപ്രവർത്തകർ അടക്കം നൂറോളം പേർ നിൽക്കുമ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞ് താഴേക്ക് പതിച്ചത്. മണ്ണിടിയുന്നത് കണ്ട് ആളുകൾ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ചിലർക്ക് ഓടുന്നതിന് ഇടയിൽ വീണ് പരുക്കേറ്റിട്ടുമുണ്ട്.
10 അടി ഉയരത്തിലാണ് മണ്ണിടിഞ്ഞത്. മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധന ആരംഭിച്ചു. മണ്ണുമാന്തിയടക്കം സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കടലുണ്ടി പുഴയുടെ സമീപത്തുള്ള കുന്നാണ് ഇടിഞ്ഞു വീണത്. അപകടമുണ്ടായതിനു സമീപം അടുത്തിടെ മണ്ണെടുത്തിരുന്നു.
മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നു. മിന്നൽ പ്രളയ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിലും മഴ ശക്തമായി തുടരുന്നു. തിരുവല്ലയിൽ രാവിലെ മുതൽ ശക്തമായി മഴ പെയ്യുന്നഉണ്ട്. തിരുവല്ല പുളിക്കീഴിൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായി. ഇവിടെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഓണത്തിനായി വ്യാപാരികൾ ഇറക്കിയ സ്റ്റോക്കുകൾ നശിച്ചു. വീടുകളിൽ വെള്ളം കയറി തുടങ്ങിയതോടെ മുകളിലത്തെ നിലയിലേക്ക് സാധനങ്ങൾ മാറ്റുന്ന തയാറെടുപ്പുകൾ വീട്ടുകാർ ആരംഭിച്ചു. തിരുവല്ലയിൽനിന്നും മാവേലിക്കരയിലേക്കുള്ള റോഡിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. ഇതേത്തുടർന്ന് ചെറിയ വാഹനങ്ങളിൽ ഇതുവഴി പോകുന്നവർ ബുദ്ധിമുട്ടിലായി.

