KSDLIVENEWS

Real news for everyone

പെട്രോള്‍ വില കൂടിയത് ഗുണമായി; ഈ വര്‍ഷം ഇതുവരെ ഇവി ഇരുചക്ര വിപണിയില്‍ വന്‍ കുതിപ്പ്‌

SHARE THIS ON

പെട്രോള്‍ വില സര്‍വ സീമകളും ലംഘിച്ച്‌ മുന്നേറിയപ്പോള്‍ അതുപോലെ കുതിച്ച മറ്റൊരു മേഖലയാണ് ഇവി സ്‌കൂട്ടറുകളുടെ വിപണി. ഇതുവരെ കിതച്ചിരുന്ന ഇവി വിപണി 2022 ല്‍ കുതിച്ചുകയറുന്ന കാഴ്ചയാണ് കണ്ടത്. 2022 ന്റെ ഫസ്റ്റ് ഹാഫ് ഇവി വിപണിക്ക് നല്ലതാണ് എന്ന് വേണം പറയാന്‍. 2022 ജനുവരി മുതല്‍ ജൂണ്‍ വരെ 2,40,662 ഇലക്‌ട്രിക് സ്‌കൂട്ടറുകളാണ് ഇന്ത്യന്‍ നിരത്തിലിറങ്ങിയത്. ഇക്കാലയളവില്‍ ഇന്ത്യയില്‍ ആകെ വിറ്റ ഇരുചക്ര വാഹനങ്ങളുടെ എണ്ണം 66,95,434 യൂണിറ്റാണ്. ഇതിന്റെ 3.6 ശതമാനമാണ് ഇവി സ്‌കൂട്ടറുകളുടെ വില്‍പ്പന. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേര്‍സ്, ഇന്ത്യ ( FADA) ആണ് ഈ കണക്ക് പുറത്തുവിട്ടത്.

2021 ല്‍ 1,22,58,164 യൂണിറ്റ് ഇരുചക്രവാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റത് ഇതിന്റെ 1.16 ശതമാനമായ 1,43,261 യൂണിറ്റ് മാത്രമായിരുന്നു ഇവി സ്‌കൂട്ടറുകള്‍. ആ വില്‍പ്പനയാണ് 2022 പകുതിയോടെ തന്നെ ഇവി മേഖല മറികടന്നത്. 210 ശതമാനമാണ് ഇവി വില്‍പ്പനയിലുണ്ടായ വളര്‍ച്ച. തീപിടിക്കുന്നെന്നും കയറ്റം കയറുമ്ബോള്‍ ബുദ്ധിമുട്ടുന്നു എന്നൊക്കൊയുള്ള പ്രചരണങ്ങളെ മറികടന്നാണ് ഇവി വിപണി മികച്ച നേട്ടത്തിലെത്തിയിരിക്കുന്നത്.

2022 ആദ്യ പകുതിയില്‍ ഏറ്റവും കൂടുതല്‍ വിറ്റ ഇവി സ്‌കൂട്ടര്‍ ഒക്കിനാവ ഓട്ടോടെക്കിന്റേതാണ്. 47,121 യൂണിറ്റുകളാണ് അവര്‍ വിറ്റത്. 46,620 യൂണിറ്റുകള്‍ വിറ്റ ഹീറോ ഇലക്‌ട്രിക്കാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റ ബ്രാന്‍ഡും ഹീറോ ഇലക്‌ട്രിക്കാണ്. മൂന്നാമതുള്ളത് ഒല ഇലക്‌ട്രിക്കാണ്. 41,994 ഒല ഇവികളാണ് ആറുമാസം കൊണ്ട് നിരത്തിലിറങ്ങിയത്. എന്നാല്‍ ജൂണില്‍ കമ്ബനിയുടെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

33,785 യൂണിറ്റുകള്‍ വിറ്റ ആംപിയര്‍ വെഹിക്കള്‍സ് ഇവി സ്‌കൂട്ടറുകളില്‍ നാലാമത് നില്‍ക്കുന്നുണ്ട്. അഞ്ചാമതുള്ള ബാംഗ്ലൂര്‍ ആസ്ഥാനമായ കൂട്ടത്തിലെ പ്രീമിയം മോഡലായ ഏഥര്‍ എനര്‍ജിയാണ്. 15,952 ഇവി സ്‌കൂട്ടറുകളാണ് ഏഥറിന് വില്‍ക്കാനായത്.

പ്രമുഖ പെട്രോള്‍ ബ്രാന്‍ഡുകളായ ബജാജും ടിവിഎസിന്റെയും മോഡലുകളും മോശമല്ലാത്ത വില്‍പ്പന നേടിയിട്ടുണ്ട്. ടിവിഎസ് ഐക്യൂബ് 8,670 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ബജാജ് ചേതക്ക് ഇലക്‌ട്രിക്ക് 7,394 യൂണിറ്റുകള്‍ പുറത്തിറക്കി.

ഇന്ധനവില ഉയര്‍ന്നു തന്നെ നില്‍ക്കുന്നതിനാല്‍ ഇവി വാഹനവിപണി ഇനിയും വളരുമെന്നാണ് FADA കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!