KSDLIVENEWS

Real news for everyone

30 ലക്ഷം കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപം, ചികിത്സക്ക് സ്വന്തം പണം കിട്ടാന്‍ യാചിച്ചു; ഒടുവില്‍ മരണം

SHARE THIS ON

ദേവസി, മരിച്ച ഭാര്യ ഫിലോമിന തൃശൂര്‍:’ഞാന്‍ ബാങ്കിലിട്ട എന്റെ പണം ചെന്ന് ചോദിക്കുമ്പോള്‍ പട്ടിയോട് പോലെയാണ് പെരുമാറുന്നത്. കുറേ നടന്നു..എന്റെ ഭാര്യ മരിച്ചുവെന്ന് ഞാന്‍ ബസില്‍ വെച്ചാണ് അറിയുന്നത്. ഇവര്‍ക്ക് മനഃസാക്ഷിയുണ്ടോ, എന്റെ ഭാര്യയെ അവര്‍ക്ക് തിരിച്ചുതരാന്‍ പറ്റുമോ’ കരുവന്നൂര്‍ സ്വദേശി ദേവസി ചോദിക്കുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് മതിയായി പണം കിട്ടാതെ ഇന്ന് രാവിലെ മരിച്ചു ദേവസിയുടെ ഭാര്യ ഫിലോമിന. മാപ്രാണം സ്വദേശിയായ ഫിലോമിന തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇട്ടിരുന്നത്. പണം ചെന്ന് ചോദിക്കുമ്പോള്‍ ഇവിടെ പണമില്ല, ഉണ്ടാകുമ്പോള്‍ തരുമെന്ന് പറഞ്ഞ് മര്‍ക്കടമുഷ്ടിയോടെയാണ് അധികൃതര്‍ സംസാരിച്ചിരുന്നത്. മകന്റെ കാലിന്റെ ഓപ്പറേഷന് പിന്നാലെ നടന്നു നടന്ന് ഒന്നര ലക്ഷം രൂപ മൂന്ന് തവണകളായി കിട്ടി. അതില്‍ നിന്നുള്ള ബാക്കി പണം കൊണ്ടാണ് ഭാര്യയുടെ ചികിത്സ നടത്തിയിരുന്നത്. 80-വയസ്സുള്ള മനുഷ്യനാണ് ഞാന്‍. മാപ്രാണത്ത് പെട്ടി ഓട്ടോ ഓടിച്ചാണ് കഴിയുന്നത്. ആരോഗ്യം ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. പല ഓഫീസുകളിലും കയറി ഇറങ്ങി. ഞാന്‍ ആരോടാണ് പറയേണ്ടത്…എല്ലാവരും കൈമലര്‍ത്തുന്നു. കൈയില്‍ പണമുണ്ടായിട്ടും എന്റെ ഭാര്യ ഈ നിലയിലാണ് മരിച്ച് കിടക്കുന്നത്. കൈയിലുള്ള പണം എന്തിനാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൊസൈറ്റി എന്ന് പറഞ്ഞിട്ട് നിക്ഷേപിച്ചതാണ് ഞാന്‍. ആര്‍ക്ക് അതിന്റെ ഉപയോഗം. ആരെയാണ് ഞങ്ങള്‍ വിശ്വസിച്ചത്’ ദേവസി കൂട്ടിച്ചേര്‍ത്തു. ആര് കട്ടാലും പിടിച്ചാലും വേണ്ടില്ല. ഞാന്‍ ഒരു രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്നില്ല. എന്റെ പണം എനിക്ക് കിട്ടിയിരുന്നെങ്കില്‍ അവള്‍ക്ക് ഞാന്‍ മികച്ച ചികിത്സ നല്‍കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള ചരിത്രത്തിലെ സമാനതികളില്ലാത്ത തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. ഈ മാസം 13-ന് ഈ തട്ടിപ്പ് പുറത്തുവന്നിട്ട്‌ ഒരു വര്‍ഷം പിന്നിട്ടിരുന്നു. ദേവസി ഉള്‍പ്പടെ 11000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് വിഴുങ്ങിയത്. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിട്ട് വ്യാഴാഴ്ച ഒരു വര്‍ഷം തികയുന്നു. കേരള സഹകരണചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിന് ഒരുവര്‍ഷം തികഞ്ഞിട്ടും ഇനിയും കുറ്റപത്രം നല്‍കാനായില്ല. കേസിലെ സങ്കീര്‍ണതകളാണ് കാരണം. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. കോടികള്‍ കവര്‍ന്ന ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും തട്ടിപ്പ് നടന്നകാലത്തെ 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും അറസ്റ്റ് ചെയ്തു എന്നതാണ് ഏക നടപടി. ഇതില്‍ ഒരു ജീവനക്കാരിയും ബാങ്ക് ഭരണ സമിതിയംഗങ്ങളും ജാമ്യത്തിലിറങ്ങി. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. 312.71 കോടി നിക്ഷേപിച്ച 11000-ത്തില്‍പ്പരം പേര്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കഴിയുകയാണ്. ബഹുഭൂരിപക്ഷവും പെന്‍ഷന്‍ പണം നിക്ഷേപിച്ചവരാണ്. പലര്‍ക്കും ചികിത്സയ്ക്കുപോലും വഴിയില്ല. കണ്‍സോര്‍ഷ്യമുള്‍പ്പടെയുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങളിലായിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ, അതെല്ലാം പാഴായി. ഒരാള്‍ക്കും ഒരുപൈസപോലും നഷ്ടപ്പെടില്ലെന്ന് മന്ത്രിയുടെ ഉറപ്പുമുണ്ടായിട്ടും സഹായമായും കടമായും ഒരു രൂപപോലും കിട്ടിയില്ല. കടക്കെണിയിലായ ബാങ്കിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നില്ല. 381.45 കോടിയുടെ വായ്പ തിരിച്ചു കിട്ടാനുണ്ട്. ഇതില്‍ 42 കോടി തിരിച്ചുപിടിച്ച് നിക്ഷേപകര്‍ക്ക് നല്‍കിയെന്നാണ് അനൗദ്യോഗികമായി ബാങ്ക് അവകാശപ്പെടുന്നത്. ആര്‍ക്കാണ് നല്‍കിയതെന്ന് വെളിപ്പെടുത്തുന്നില്ല. കാലങ്ങളായി സി.പി.എം. ഭരിച്ചിരുന്ന ബാങ്കില്‍ നിക്ഷേപം തിരികെ നല്‍കുന്നതിലും രാഷ്ട്രീയമുണ്ടെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!